
ബംഗളുരൂ: നഗരത്തിലെ കാൽനടയാത്രക്കാർക്കുള്ള ഫുട്പാത്തുകളുടെ ദയനീയാവസ്ഥ തുറന്നുകാട്ടി കനേഡിയൻ പൗരന്റെ വീഡിയോ. സംഭവം സമൂഹമാദ്ധ്യമങ്ങളിൽ ഇതിനോടകം വൈറലായിരിക്കുകയാണ്. ബംഗളൂരുവിലെ മജസ്റ്റിക് ബസ്റ്റാൻഡ് മുതൽ സ്റ്റാർബക്സ് ഔട്ട്ലെറ്റ് വരെയുള്ള പ്രദേശങ്ങളിലെ വൃത്തിഹീനമായ ഫുട്പാത്തുകൾ, തുറന്ന ഓടകൾ, മുള്ളുവേലി എന്നിവയുടെ വീഡിയോയാണ് കാനഡക്കാരനായ കാലേബ് ഫ്രീസെൻ പകർത്തിയത്.
'ബംഗളൂരുവിലെ നടക്കാൻ പറ്റാത്ത നടപ്പാതകൾ' എന്ന തലക്കെട്ടോടുകൂടിയാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്. വീഡിയോ വൈറലായതോടുകൂടി കാൽനടയാത്രക്കാർക്ക് വൃത്തിയുള്ളതും സുരക്ഷിതവുമായ ഇടം ഉറപ്പാക്കാൻ ഫുട്പാത്തുകൾ കേന്ദ്രീകരിച്ച് ബംഗളൂരു സെൻട്രൽ സിറ്റി കോർപ്പറേഷൻ ടീം മജസ്റ്റിക് പരിസരത്ത് തീവ്രമായ ശുചീകരണ ഡ്രൈവ് നടത്തി. തുടർന്ന് ഗ്രേറ്റർ ബെംഗളുരൂ അതോറിറ്റി ( ജി ബി എ) ശുചീകരണ ഡ്രൈവിന്റെ ചിത്രങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്തു.
പിന്നാലെ അതേ സ്ഥലത്തിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ ഉപയോഗിച്ച് കാലേബ് സംഭവത്തിൽ പ്രതികരിക്കുകയും ചെയ്തു. കോർപ്പറേഷന്റയും പൗരസമിതിയുടെയും ദ്രുതഗതിയിലുള്ള പ്രവർത്തനത്തിന് നന്ദി പറഞ്ഞുകൊണ്ടായിരുന്നു ഫ്രീസെൻ പോസ്റ്റിന് മറുപടി നൽകിയത്. ഫുട്പാത്തിന്റെ മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കിട്ട പോസ്റ്റ് വൈറലായതോടെ, സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ഒരു വിഭാഗം അധികാരികളുടെ നടപടിയെ പ്രശംസിച്ചു, മറ്റുള്ളവർ ഇത്തരം പ്രശ്നങ്ങളിൽ ഒരു വിദേശി എല്ലായ്‌പ്പോഴും ഇടപെടേണ്ടിവരുമോ എന്നും ചോദിച്ചു.