world

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്നാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു. പാകിസ്ഥാന്‍ സൈനികരില്‍ നിന്ന് ആയുധങ്ങളും ഡ്രോണുകളും താലിബാന്‍ പിടിച്ചെടുത്തുവെന്നും പാക് സൈനിക ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

അഫ്ഗാനിസ്താന്‍ അതിര്‍ത്തിക്കടുത്തുള്ള തെക്കന്‍ വസീറിസ്താനിലെ പര്‍വതനിരകളായ ബദര്‍ പ്രദേശത്ത് വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ സൈനികര്‍ക്കു നേരെ ഇവര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. രൂക്ഷമായ വെടിവെപ്പിനെ തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ 12 സൈനികരും 13 താലിബാനികളും കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ സൈന്യം പ്രസ്താവനയില്‍ പറഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റു.

2021ല്‍ താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തില്‍ വന്നതിന് ശേഷം പാകിസ്ഥാനെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. പാകിസ്ഥാനെതിരെയുള്ള താലിബാന്‍ ആക്രമണങ്ങള്‍ തടയുന്നതിന് അഫ്ഗാനിലെ ഭരണകൂടം നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാക് സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

പുലര്‍ച്ചെയുള്ള ആക്രമണത്തിനുശേഷം മണിക്കൂറുകളോളം ഹെലികോപ്ടറുകളെ ആകാശത്ത് വട്ടമിട്ടതായും പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതും അക്രമികളെ തിരയുന്നതും കണ്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.