money

പുതുക്കിയ വില കമ്പനികള്‍ സര്‍ക്കാരിനെ അറിയിക്കണം

കൊച്ചി: ചരക്ക് സേവന നികുതി(ജി.എസ്.ടി) സ്‌ളാബുകള്‍ നാലില്‍ നിന്ന് രണ്ടായി കുറച്ചതിന്റെ നേട്ടം ഉപഭോക്താക്കളിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനം ഒരുക്കുന്നു. ജി.എസ്.ടി 2.0 സെപ്തംബര്‍ 22ന് നടപ്പാകുമ്പോള്‍ അവശ്യ സാധനങ്ങള്‍ക്കും കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്കും കാറുകള്‍ക്കും ഗണ്യമായി വില കുറയുമെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ കമ്പനികള്‍ ഉത്പന്നങ്ങളുടെ വില കൂട്ടി ജി.എസ്.ടി ഇളവിന്റെ പ്രയോജനം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ വിമുഖത കാട്ടുമെന്ന ആശങ്കകള്‍ വിവിധ മേഖലയില്‍ നിന്നുയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ജി.എസ്.ടി കുറച്ചതിന് ശേഷം ഉത്പന്നങ്ങളുടെ പുതുക്കിയ വിലനിലവാരം അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. വിലയില്‍ കൃത്രിമത്വം കാണിക്കുന്നതിന് തടയിടാന്‍ ഓരോ മാസവും 54 ഉത്പന്നങ്ങളുടെ വില നിലവാര പട്ടിക സമര്‍പ്പിക്കണമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്‌സസ് ആന്‍ഡ് എക്‌സൈസ്(സി.ബി.ഐ.സി) ആവശ്യപ്പെട്ടത്. വെണ്ണ, തെര്‍മോമീറ്റര്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയ ഉത്പന്നങ്ങളുടെ ജി.എസ്.ടി പരിഷ്‌കരണത്തിന് ശേഷമുള്ള വിശദമായ വില പട്ടിക കമ്പനികള്‍ സമര്‍പ്പിക്കണം. അടുത്ത ആറ് മാസത്തേക്ക് എല്ലാ ഇരുപതാം തിയതിയും വില വിവരങ്ങള്‍ സി.ബി.ഐ.സിക്ക് നല്‍കണം.

പുതുക്കിയ വില പ്രദര്‍ശിപ്പിക്കണം

സെപ്തംബര്‍ 22ന് ശേഷം അഞ്ച് ശതമാനം, 18 ശതമാനം സ്‌ളാബുകളാണ് ഭൂരിപക്ഷ ഉത്പന്നങ്ങളും ബാധകം. പാപ, ആഡംബര പട്ടികയിലുള്ള ചുരുക്കം ഉത്പന്നങ്ങള്‍ക്ക് 40 ശതമാനം നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജി.എസ്.ടി പരിഷ്‌കരണം നടപ്പാകും മുമ്പ് കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, വാഹനങ്ങള്‍, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ തുടങ്ങിയവയുടെ പുതുക്കിയ വില പട്ടിക ജി.എസ്.ടി പോര്‍ട്ടലിലും ഷോറൂമുകളിലും പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ബന്ധമാണ്. വില നിശ്ചയിക്കുന്നതിലും നികുതി ഈടാക്കുന്നതിലും സുതാര്യതയും സ്ഥിരതയും ഉറപ്പാക്കാനാണ് ലക്ഷ്യം.

വിലയില്‍ പ്രതീക്ഷിക്കുന്ന കുറവ്

ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സിന്റെ(എഫ്.എം.സി.ജി) വില പത്ത് ശതമാനം വില കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനങ്ങളുടെ വില പത്ത് മുതല്‍ പന്ത്രണ്ട് ശതമാനം വരെ വില താഴുമെന്നും കമ്പനികള്‍ പറയുന്നു. ഭക്ഷ്യ വില സൂചികയില്‍ 0.35 ശതമാനം വരെ കുറവുണ്ടായേക്കും.

എഫ്.എം.സി.ജി രംഗത്ത് വില കുറയാന്‍ സമയമെടുക്കും

എഫ്.എം.സി.ജി മേഖലയില്‍ ജി.എസ്.ടി ഇളവിന്റെ നേട്ടം അടുത്ത മാസം പകുതിയോടെ മാത്രമേ ദൃശ്യമാകൂ. എം.ആര്‍.പി അടിസ്ഥാനത്തിലാണ് എഫ്.എം.സി.ജി മേഖല പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ റീട്ടെയില്‍ വില്‍പ്പനക്കാരുടെ സ്റ്റോക്ക് തീരുന്നതു വരെ വിലയില്‍ മാറ്റമുണ്ടായേക്കില്ല. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതയില്‍ വരും ദിവസങ്ങളില്‍ തടസങ്ങള്‍ നേരിട്ടേക്കും.

ജി.എസ്.ടി ഇളവിലൂടെ വിപണിയില്‍ അധികമെത്തുന്നത് ഒരു ലക്ഷം കോടി രൂപ