saudi-gold-market

ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉയർന്ന തീരുവ ചുമത്തിയതിന് മറുപടിയുമായി കേന്ദ്രസർക്കാ‌ർ. കയറ്റുമതി വിപണികളെ വൈവിദ്ധ്യവത്കരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര മന്ത്രിസഭ. ഇന്ത്യൻ ഇറക്കുമതികൾക്ക് ഏർപ്പെടുത്തിയ 50ശതമാനം തീരുവ ഇന്ത്യൻ ജ്വല്ലറികൾക്ക് അമേരിക്കൻ വിപണിയിൽ വെല്ലുവിളി നിറഞ്ഞതാക്കി. ഒടുവിൽ ട്രംപിന്റെ താരിഫ് ഭീഷണിക്ക് വഴങ്ങാതെ ചുട്ടമറുപടിയുമായി സൗദി അറേബ്യ, യുകെ, യുഎഇ തുടങ്ങിയ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ നീങ്ങുകയാണ്.

സൗദിയിലെ ആഭരണ വിപണി നിലവിൽ 4.5 ബില്യൺ ഡോളറാണ് അതായത് ഏകദേശം 39,600 കോടി രൂപ. 2030 ആകുമ്പോഴേക്കും ഇത് 8.3 ബില്യൺ ഡോളറിലെത്തുമെന്നാണ് (73,000 കോടി രൂപ) കണക്കാക്കപ്പെടുന്നത്. വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ വിപണിയിലേക്കാണ് ഇന്ത്യയുടെ ശ്രദ്ധ. ട്രംപിന്റെ 50ശതമാനം തീരുവ ഇന്ത്യയിലെ ആഭരണങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നത് അസാദ്ധ്യമാക്കിത്തീർത്തു.

മുമ്പ് ഇന്ത്യയുടെ ആഭരണ കയറ്റുമതിയുടെ 30ശതമാനം ഉണ്ടായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതിയാണ് ട്രംപിന്റെ താരിഫ് നയം കൊണ്ട് തക‌‌ർച്ചയിലേക്ക് നീങ്ങുന്നത്. ഇതോടെ, കയറ്റുമതി വൈവിദ്ധ്യവൽക്കരിച്ച് മറ്റു വഴികൾ അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ സൗദിയിലേക്കും നോട്ടമിട്ടിരിക്കുന്നത്.

2024-25 ൽ ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള ആഭരണ കയറ്റുമതി 45ശതമാനമായി വർദ്ധിച്ച് 151.5 മില്യൺ ഡോളറിലെത്തുകയും ഇത് 55ശതമാനത്തോളം സ്റ്റഡഡ് സ്വർണ്ണാഭരണ കയറ്റുമതിയിലെ വർദ്ധനവിന് കാരണമാവുകയും ചെയ്തു. 2030 ആകുമ്പോഴേക്കും സൗദി അറേബ്യയുടെ ആഭരണ വിപണി ഇരട്ടിയായി ഏകദേശം 8.34 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ ഈ വളർച്ച ഇന്ത്യൻ കയറ്റുമതിക്കാർക്ക് ഭാവിയിലും അവസരം നൽകുന്നു.

നിലവിൽ, അമേരിക്കയുമായി തട്ടിച്ചു നോക്കുമ്പോൾ നമ്മുടെ രാജ്യത്തെ ആഭരണ വിപണികൾ വളരെ ചെറുതാണ്. അതേസമയം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി സൗദി അറേബ്യയിലെ ആഭരണത്തിന്റെ ആവശ്യകത ഗണ്യമായി വർദ്ധിച്ചുകൊണ്ടിരിക്കുയും ചെയ്യുന്നുണ്ട്. ഇതൊരു അവസരമാക്കി മാറ്റാനാണ് ഇന്ത്യയുടെ ശ്രമം. ആഭരണങ്ങളിലെ പുതിയ പ്രവണത സൗദി യുവാക്കൾക്കും വലിയ താൽപ്പര്യമുണ്ടെന്നാണ് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നത്. ആഭരണ ഉപഭോഗത്തിൽ ഏറെ മുന്നിലാണ് സൗദി അറേബ്യ.

ഇന്ത്യയും സൗദിയും തങ്ങളുടെ വ്യാപാര ബന്ധം സമീപകാലത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ഉഭയകക്ഷി വ്യാപാരം 42.98 ബില്യൺ ഡോളറിലെത്തിയിരുന്നു ഏകദേശം 3.7 ലക്ഷം കോടി രൂപ. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് സൗദി അറേബ്യ, അതേസമയം സൗദി അറേബ്യയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ.