
ഓണം കഴിഞ്ഞ് ഒരാഴ്‌ചകൾക്കുശേഷം ഓണാശംസകൾ നേർന്ന ബോളിവുഡിലെ ബിഗ്‌ബി അമിതാഭ് ബച്ചനെ ട്രോളി മലയാളികൾ. കേരളീയ വേഷമണിഞ്ഞ് നെറ്റിയിൽ ചന്ദനക്കുറി തൊട്ടുനിൽക്കുന്ന ബച്ചന്റെ ചിത്രത്തോടൊപ്പമാണ് ഫേസ്‌ബുക്കിൽ ഓണാശംസകൾ നേർന്നിരിക്കുന്നത്. ഇതിന് രസകരമായ കമന്റുകളാണ് മലയാളികൾ നൽകുന്നത്. കഴിഞ്ഞ സെപ്‌തംബർ അഞ്ചിനായിരുന്നു തിരുവോണം.
അതേസമയം, ഓണം തീയതിയിൽ തെറ്റുപറ്റിയതായി അമിതാഭ് ബച്ചൻ തന്നെ ക്ഷമാപണം നടത്തി. തന്റെ സോഷ്യൽ മീഡിയ താൻ തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചു. 'ഓണത്തിന്റെ തീയതി കഴിഞ്ഞു എന്നും എന്റെ സോഷ്യൽ മീഡിയ ഏജന്റ് തെറ്റായ പോസ്റ്റ് പങ്കുവച്ചുവെന്നും പലരും കമന്റ് ചെയ്തിട്ടുണ്ട്.. പക്ഷേ.. ഒരു ഉത്സവ സന്ദർഭം ഒരു ഉത്സവ സന്ദർഭം തന്നെയാണ്.. അതിന്റെ ആത്മാവും അതിന്റെ ആദരവും ഒരിക്കലും കാലഹരണപ്പെടില്ല. കൂടാതെ.. എന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്യുന്നത് ഞാൻ തന്നെയാണ്... എനിക്ക് ഒരു ഏജന്റുമില്ല..ക്ഷമിക്കണം'- എന്നാണ് ബച്ചൻ കുറിച്ചത്.
'താങ്കൾക്കും ഓണാശംസകൾ പക്ഷെ ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി സാർ', 'ഓണം ഒക്കെ കഴിഞ്ഞു, പോയിട്ട് അടുത്ത വർഷം വാ', 'പാതാളത്തിൽ പോയ മാവേലിയെ ഇനി തിരിച്ചു കൊണ്ട് വരണമല്ലോ', 'ഫ്രാൻസിലെ പാരിസിൽ ഓണം ഈവരുന്ന ശനിയാഴ്ച! നമുക്കൊന്നും ഓണം കഴിഞ്ഞിട്ടില്ല അമിതബ് ബച്ചേട്ടാ ഹാപ്പി ഓണം', 'അടുത്ത വർഷത്തേക്കുള്ള ആശംസകളാണ് ഇപ്പോഴെ പറഞ്ഞത്', '2024....സെപ്തംബർ 14...ഓണം, അപ്പൊ 2025 സെപ്തംബർ 14 ഓണം എന്ന് വിചാരിച്ചിട്ടുണ്ടാവും അങ്ങനെ ഇട്ടതാവാനെ വഴിയുള്ളു', 'ഇത്ര നേരത്തെ ഇടണ്ടായിരുന്നു, ഓണം ആകാൻ ഇനിം 346 ദിവസം ഉണ്ട് ബച്ചൻ ജി', 'അഡ്വാൻസ് 28 ആം ഓണാശംസകൾ ഭായ്'- തുടങ്ങിയ കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.