painting

കൊല്ലം: മൂന്ന് പതിറ്റാണ്ട് നീണ്ട അദ്ധ്യാപന ജീവിതത്തിന് ശേഷമാണ് ശാന്ത ടീച്ചർ പഴയ വിനോദമായ ചിത്രരചനയിലേക്ക് വീണ്ടും തിരിഞ്ഞത്. ഭർത്താവും മക്കളും ചെറുമക്കളുമൊക്കെ പ്രോത്സാഹനവുമായി കൂടെനിന്നു. ചെറുപ്രായത്തിലേ കലാവാസനയുണ്ടായിരുന്ന ഉമാറാണി ഷൺമുഖത്തിന്റെ ഇഷ്ട വിനോദമായിരുന്നു ചിത്രത്തുന്നൽ. കലാവിരുത് കണ്ടറിഞ്ഞ മകൻ കണ്ണന്റെ പ്രോത്സാഹനം കൂടിയായപ്പോൾ ഭരണഘടനയുടെ ആമുഖം വിവിധ ഭാഷകളിൽ എംബ്രോയ്ഡറി വർക്കിലൂടെ ആവിഷ്കരിച്ചു. അമ്മയുടെ ചിത്രത്തുന്നൽ പ്രദർശനം നടത്തുന്നതിനെക്കുറിച്ചുള്ള കണ്ണന്റെ ആലോചനകളിൽ മാതൃതുല്യയായ ശാന്ത ടീച്ചറുടെ ചിത്രങ്ങളും കടന്നുവന്നു. അങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആശ്രാമം എയ്റ്റ് പോയിന്റ് ആർട്ട് കഫേയിൽ 'അ" എന്ന പേരിൽ രണ്ട് അമ്മമാരുടെ പെയിന്റിംഗ് - ചിത്രത്തുന്നൽ പ്രദർശനത്തിന് വേദിയൊരുങ്ങിയത്.

കരിക്കോട് ടി.കെ.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ ദീർഘകാലം മലയാളം അദ്ധ്യാപികയായിരുന്ന ശാന്ത ടീച്ചറുടെ ചിത്രങ്ങൾ കാണാൻ പഴയ സഹപ്രവർത്തകരും ശിഷ്യഗണങ്ങളുമടക്കം നൂറുകണക്കിനു പേരാണെത്തിയത്. കൊല്ലത്തെ ആദ്യകാല സ്റ്റുഡിയോ ഷൺമുഖം സ്റ്റുഡിയോ ഉടമയുടെ ഭാര്യയായ ഉമാറാണിയുടെയും അദ്ധ്യാപകനായ കണ്ണന്റെയും സുഹൃത്സംഗമവേദികൂടിയായി എയ്റ്റ് പോയിന്റ് ആർട്ട് കഫേ. ഇവരെയെല്ലാം കാണാനായതിന്റെ സന്തോഷത്തിൽ മനസുനിറഞ്ഞാണ് രണ്ട് അമ്മമാരും മടങ്ങിയത്.