
ബംഗളൂരു: ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ജോലിക്ക് എത്താന്‍ കഴിയില്ലെന്നും സിക് ലീവ് വേണമെന്നും മാനേജറെ അറിയിച്ചു. പത്ത് മിനിറ്റിന് ശേഷം ഹൃദയാഘാതം കാരണം 40കാരന്‍ മരിച്ചു. രാവിലെ 8.37ന് ആണ് തനിക്ക് ശങ്കറിന്റെ സന്ദേശം ലഭിച്ചതെന്നും 8.47ന് അദ്ദേഹം മരണപ്പെട്ടുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും മാനേജറായ കെ.വി അയ്യര്‍ സമൂഹമാദ്ധ്യമത്തില്‍ കുറിച്ച പോസ്റ്റിലൂടെ അറിയിച്ചു.
കഴിഞ്ഞ ആറ് വര്‍ഷമായി ശങ്കര്‍ തനിക്കൊപ്പം ജോലി ചെയ്യുകയാണെന്നും ഒരുവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും അയ്യര്‍ പറയുന്നു. വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവുമായ അദ്ദേഹം വളരെ ആരോഗ്യവാനും ചുറുചുറുക്കുള്ള ചെറുപ്പക്കാരനുമായിരുന്നു. പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യുമായിരുന്നില്ല, എന്നിട്ടും അദ്ദേഹത്തിന് എങ്ങനെയാണ് ഹൃദയാഘാതം വന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അയ്യര്‍ പറയുന്നു.
മാനേജര്‍ കെ. വി അയ്യരുടെ കുറിപ്പിലെ ഭാഗങ്ങള്‍ ചുവടെ
ഇന്ന് രാവിലെയുണ്ടായ സങ്കടകരമായ സംഭവം' എന്ന തലക്കെട്ടോടെയാണ് അയ്യര്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. 'എന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ശങ്കര്‍ ഇന്ന് രാവിലെ 08.37-ന് എനിക്ക് മെസേജ് അയച്ചു. സര്‍, കടുത്ത പുറംവേദന കാരണം എനിക്ക് ഇന്ന് വരാനാകില്ല. ലീവ് അനുവദിക്കണമെന്നായിരുന്നു അത്. ഇത്തരം ലീവ് അപേക്ഷകള്‍ സാധാരണമായതിനാല്‍, ശരി വിശ്രമിക്കൂ എന്ന് ഞാന്‍ അദ്ദേഹത്തിന് മറുപടി നല്‍കി. ദിവസം സാധാരണമായി കടന്നുപോയി', അയ്യര്‍ കുറിപ്പില്‍ പറയുന്നു.
'11.00 മണി ആയപ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വരികയും മുന്‍പൊരിക്കലുമുണ്ടാകാത്ത പോലെ അതെന്നെ ഞെട്ടിക്കുകയും ചെയ്തു. ശങ്കര്‍ മരിച്ചുവെന്നാണ് വിളിച്ചയാള്‍ പറഞ്ഞത്. ആദ്യം കേട്ടപ്പോള്‍ ഞാന്‍ അത് വിശ്വസിച്ചില്ല. കേട്ടത് ശരിയാണോയെന്ന് ഉറപ്പാക്കാനും വിലാസം ലഭിക്കാനും മറ്റൊരു സഹപ്രവര്‍ത്തകനെ വിളിച്ചു. വിലാസം ലഭിച്ചതോടെ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പാഞ്ഞു. അദ്ദേഹം ജീവനോടെയുണ്ടായിരുന്നില്ല. ജീവിതം അത്രമേല്‍ പ്രവചനാതീതമാണ്.