
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. ആദ്യ ഓവര്‍ മുതല്‍ പാകിസ്ഥാന് പ്രഹരമേല്‍പ്പിച്ചാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ കളി തുടങ്ങിയത്. മദ്ധ്യ ഓവറുകളില്‍ സപിന്നര്‍മാരെ ഉപയോഗിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് കളിയുടെ നിയന്ത്രണം ഇന്ത്യയ്ക്ക് അനുകൂലമാക്കി മാറ്റുകയായിരുന്നു. മികച്ച ബൗളിംഗിന് ഒപ്പം മികച്ച ഫീല്‍ഡിംഗും ഇന്ത്യയെ തുണച്ചു.
നേരിട്ട ആദ്യ പന്തില്‍ തന്നെ പാകിസ്ഥാന്റെ യുവ ഓപ്പണര്‍ സയീം അയൂബ് 0(1) ഹാര്‍ദിക് പാണ്ഡ്യക്ക് വിക്കറ്റ് നല്‍കി മടങ്ങി. ജസ്പ്രീത് ബുംറ എറിഞ്ഞ രണ്ടാം ഓവറില്‍ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് 3(5) പാണ്ഡ്യക്ക് ക്യാച്ച് നല്‍കി മടങ്ങി. ഫഖര്‍ സമന്‍ 17(15), സഹിബ്‌സദാ ഫര്‍ഹാന് 40(44) ഒപ്പം മൂന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയത് മാത്രമാണ് പാകിസ്ഥാന് ആശ്വാസം നല്‍കിയത്. അകസര്‍ പട്ടേലിന്റെ പന്തില്‍ തിലക് വര്‍മ്മ പിടിച്ച് സമന്‍ പുറത്തായതോടെ ഈ കൂട്ടുകെട്ട് പൊളിഞ്ഞു.
പിന്നീട് വന്ന ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 3(12), ഹസന്‍ നവാസ് 5(7), മുഹമ്മദ് നവാസ് 0(1) എന്നിവര്‍ നിരാശപ്പെടുത്തി. ഫഹീം അഷ്‌റഫ് 11(14), സൂഫിയാന്‍ മുഖീം 10(6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. നാല് സിക്‌സറുകള്‍ സഹിതം 16 പന്തുകളില്‍ നിന്ന് 33 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷഹീന്‍ ഷാ അഫ്രീദിയാണ് പാക് സ്‌കോര്‍ നൂറ് കടത്തിയത്.ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ ലഭിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യക്കും വരുണ്‍ ചക്രവര്‍ത്തിക്കും ഓരോ വിക്കറ്റ് വീതവും ലഭിച്ചു.