money


വിലയിലെ റെക്കാഡ് മുന്നേറ്റം വെല്ലുവിളിയാകുന്നു

കൊച്ചി: റെക്കാഡുകള്‍ പുതുക്കി വില തുടര്‍ച്ചയായി ഉയരങ്ങളിലേക്ക് കുതിക്കുമ്പോള്‍ തലവേദനകളില്ലാതെ സുരക്ഷിതമായി സ്വര്‍ണം വാങ്ങാന്‍ നിക്ഷേപകര്‍ പുതുമാര്‍ഗങ്ങള്‍ തേടുന്നു. പവന്‍ വില കേരളത്തില്‍ 81,520 രൂപയിലേക്ക് ഉയര്‍ന്നതോടെ സ്വര്‍ണം നഷ്ടപ്പെടാതെ സൂക്ഷിക്കുന്നതാണ് പ്രധാന വെല്ലുവിളി. വീടുകളിലും ബാങ്ക് ലോക്കറുകളിലും സ്വര്‍ണം സൂക്ഷിക്കാന്‍ ഉപഭോക്താക്കളില്‍ ഭയമേറിയതോടെ ഡിജിറ്റല്‍ ഗോള്‍ഡ് നിക്ഷേപങ്ങള്‍ക്ക് പ്രിയമേറുകയാണ്. ഗോള്‍ഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍(ഇ.ടി.എഫ്), വിവിധ ധനകാര്യ സ്ഥാപനങ്ങളുടെ സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളുടെ(എസ്.ഐ.പി) മാതൃകയിലുള്ള സ്‌കീമുകള്‍ തുടങ്ങിയവയിലേക്ക് പണമൊഴുക്ക് കുത്തനെ കൂടി.

ആഭരണങ്ങളായി വാങ്ങുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധന ദൃശ്യമാണ്. ഒരു വര്‍ഷത്തിനിടെ സ്വര്‍ണ നിക്ഷേപത്തില്‍ നിന്ന് 50 ശതമാനത്തിലധികം വരുമാനം ലഭിച്ചതാണ് ഉപഭോക്താക്കള്‍ക്ക് ആവേശമാകുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 11ന് പത്ത് ഗ്രാം 24 കാരറ്റ് ഫിസിക്കല്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയായിരുന്നു. ഇപ്പോഴതിന്റെ വില പത്ത് ഗ്രാമിന് 1.13 ലക്ഷം രൂപയാണ്. 54 ശതമാനം വര്‍ദ്ധനയാണ് ഫിസിക്കല്‍ സ്വര്‍ണത്തിന്റെ വിലയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടായത്.

ഗോള്‍ഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍

ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്ന നിക്ഷേപ പദ്ധതിയാണ് ഗോള്‍ഡ് ഇ.ടി.എഫുകള്‍. സ്വര്‍ണ വിലയിലെ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇ.ടി.എഫുകളുടെ മൂല്യവും നീങ്ങുന്നത്. ഒരു ഡീമാറ്റ് അക്കൗണ്ടും ട്രേഡിംഗ് അക്കൗണ്ടും തുറക്കുന്നതിലൂടെ നിക്ഷേപകര്‍ക്ക് ഇ.ടി.എഫ് വാങ്ങാം. ഓഹരികള്‍ പോലെ വ്യാപാര സമയത്ത് എപ്പോള്‍ വേണമെങ്കിലും ഉപഭോക്താക്കള്‍ക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.

ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ നേട്ടങ്ങള്‍

സ്വര്‍ണം ഫിസിക്കലായി വാങ്ങുമ്പോള്‍ ശുദ്ധത, മോഷണം പോകാനുള്ള സാദ്ധ്യത എന്നിവ ഉപഭോക്താക്കളെ വലയ്ക്കുന്നു. ഡിജിറ്റല്‍ സ്വര്‍ണ നിക്ഷേപങ്ങളില്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ല. എപ്പോള്‍ വേണമെങ്കിലും സ്വര്‍ണം വിറ്റുമാറാനും രണ്ട് ദിവസത്തിനുള്ളില്‍ പണം അക്കൗണ്ടില്‍ ലഭിക്കാനും അവസരമുണ്ട്. വില എക്സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ സുതാര്യതയുമുണ്ട്. എത്ര കുറഞ്ഞ തുകയും നിക്ഷേപിക്കാനാകും.

വെല്ലുവിളി

ഡിജിറ്റല്‍ സ്വര്‍ണത്തിന്റെ പ്രധാന വെല്ലുവിളി ഓഹരി വിപണിയുമായി ബന്ധമുള്ളതിനാല്‍ വില ചാഞ്ചാട്ടം രൂക്ഷമാകാം. അധികമായി ഫണ്ട് മാനേജ്മെന്റ് തുക ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കും.

വിവിധ നിക്ഷേപ മാര്‍ഗങ്ങള്‍

1. ആഭരണങ്ങള്‍, സ്വര്‍ണ നാണയങ്ങള്‍, സ്വര്‍ണക്കട്ടകള്‍ എന്നിങ്ങനെ വാങ്ങാം

2. ഗോള്‍ഡ് എക്സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകള്‍

3. ഇ.ടി.എഫുകളില്‍ പരോക്ഷമായി പണം മുടക്കുന്ന ഗോള്‍ഡ് മ്യൂച്വല്‍ ഫണ്ടുകള്‍

4.പലിശ വരുമാനം ലഭിക്കുന്ന സര്‍ക്കാരിന്റെ സ്വര്‍ണ കടപ്പത്രങ്ങള്‍

ആഗസ്റ്റിലെ ഇ.ടി.എഫിലെ നിക്ഷേപം

2,190 കോടി രൂപ

ഇ.ടി.എഫിലെ മൊത്തം ആസ്തി

72,500 കോടി രൂപ