
തിരുവനന്തപുരം: ലൈംഗികാരോപണങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് സസ്‌പെൻഷനിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിലെത്തിയേക്കും. പ്രതിപക്ഷ നിരയിലെ ചില എംഎൽഎമാരുമായി രാഹുൽ സംസാരിച്ചിട്ടുണ്ടെന്നാണ് വിവരം. പതിനഞ്ചാം നിയമസഭയുടെ പതിനാലാം സമ്മേളനമാണ് അൽപസമയം മുൻപ് ആരംഭിച്ചത്. ഇന്ന് രാഹുൽ എത്തുമോ എന്നത് ഭരണ, പ്രതിപക്ഷ നിരയിൽ ഇതുവരെ സൂചനകളില്ല എന്നാണ് അറിയുന്നത്. എന്നാൽ രാഹുലിന്റ സ്റ്റാഫുകൾ സഭയിലെത്തിയിട്ടുണ്ട്.
രാഹുൽ വരുന്നത് പ്രതിപക്ഷ തന്ത്രങ്ങളുടെ ധാർമ്മിക വീര്യം കുറയ്ക്കുമെന്നതുകൊണ്ട് അത് തടയാനാകും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ശ്രമം. എന്നാൽ, രാഹുലിനെ സഭയിൽ എത്തിക്കുമെന്ന വാശിയിലാണ് പി.സി.വിഷ്ണുനാഥ് ഉൾപ്പെടെയുള്ള പഴയ എ പക്ഷം. രാഹുൽ വിഷയം ഭരണപക്ഷം ഉയർത്തിയാൽ എം.മുകേഷിന്റെ അടക്കമുള്ള വിഷയമെടുത്തിട്ടാകും പ്രതിപക്ഷം പ്രതിരോധിക്കുക.
പൊലീസ് അതിക്രമവും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവുമടക്കം സമൂഹത്തെ എരിപിരികൊള്ളിച്ച വിവാദങ്ങൾ നിരവധിയുള്ളതിനാൽ ഇന്നാരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന്റെ വരുംദിവസങ്ങളിൽ തർക്കവിതർക്കങ്ങൾ സഭയിലുണ്ടാകും എന്നാണ് കരുതുന്നത്. ഇന്ന് ചരമോപചാരം അർപ്പിക്കുന്നത് മാത്രമാകും സഭാനടപടികൾ.