gasline

തിരുവനന്തപുരം: പൈപ്പ്‌ലൈൻ വഴി വീടുകളിൽ ഗ്യാസെത്തുന്ന സിറ്റി ഗ്യാസ് പദ്ധതി നഗരത്തിലെ മൂന്ന് മണ്ഡലങ്ങളിൽ അതിവേഗം പൂർത്തിയാകും. വട്ടിയൂർക്കാവ്,തിരുവനന്തപുരം,കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ജോലികൾ അവസാനഘട്ടമെത്തിയിരിക്കുന്നത്. പദ്ധതി ഇതിനകം ജില്ലയിൽ 600 കിലോമീറ്റർ പൂർത്തീകരിച്ചു.ആദ്യം വിമുഖത കാണിച്ചവർ പോലും ഇപ്പോൾ സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായെന്ന് അധികൃതർ പറയുന്നു.നഗരത്തിൽ 16,730 വീടുകളിലും 33 വാണിജ്യ സ്ഥാപനങ്ങളിലും സിറ്റി ഗ്യാസ് കണക്ഷനുണ്ട്.23 സി.എൻ.ജി സ്റ്റേഷനുകളും നഗരത്തിലുണ്ട്.ഈ വർഷം 15000 പുതിയ കണക്ഷനുകൾ കൂടി ലക്ഷ്യമിട്ടാണ് സിറ്റിഗ്യാസിന്റെ പ്രവർത്തനം.


അടുത്ത 2 വർഷം കൊണ്ട് ജില്ലയിൽ സിറ്റി ഗ്യാസ് വ്യാപിപ്പിച്ച് പൂർത്തിയാക്കാനാണ് ലക്ഷ്യം.തിങ്ക് ഗ്യാസിന്റെ നേതൃത്വത്തിലാണ് സിറ്റി ഗ്യാസിന്റെ പ്രവർത്തനം. നിലവിൽ 700 കോടി രൂപയുടെ മുതൽമുടക്കാണ് പദ്ധതിക്കാവശ്യമായി വന്നത്.കാലവർഷത്തിൽ ഗ്യാസ് ലൈൻ പദ്ധതി നിറുത്തിവച്ചിരുന്നു.മഴ മാറിയപ്പോൾ പരമാവധി വേഗത്തിലാണ് പണികൾ പൂർത്തിയാക്കാൻ ശ്രമിക്കുന്നത്.


രണ്ട് പ്ളാന്റുകൾ


നിലവിൽ കൊച്ചുവേളിയിലും തോന്നൽ ലൈഫ് സയൻസ് പാർക്കിലുമായി രണ്ട് വലിയ പ്ളാന്റുകളാണ് ജില്ലയിലുള്ളത്. തടസമില്ലാതെ ഗ്യാസ് കണക്ഷൻ ലഭിക്കുന്നതിന് വേണ്ടിയാണീ പ്ളാന്റുകൾ സ്ഥാപിച്ചത്.ആവശ്യമെങ്കിൽ ജില്ലയുടെ ചിലഭാഗത്ത് ചെറിയ പ്ളാന്റുകൾ കൂടി സ്ഥാപിച്ചേക്കും.


റോഡ് പൊളിക്കാതെ നിർമ്മാണം


റോഡിനൊരുവശത്തുമാത്രം രണ്ട് കുഴിയെടുത്ത് പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന രീതിയാണ് നടക്കുന്നത്.എച്ച്.ഡി.ഡി (ഹൊറിസോൺട്ടൽ ഡയറക്ഷണൽ ഡ്രില്ലിംഗ്) എന്ന സാങ്കേതികവിദ്യയാണ് പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ ഉപയോഗിക്കുന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ഹൈപ്രഷർ കാർബൺ സ്റ്റീൽ പൈപ്പുകളും ഗാർഹികാവശ്യങ്ങൾക്കുള്ള ലോപ്രഷർ എം.ഡി.പി.ഇ(മീഡിയം ഡെൻസിറ്റി പോളി എത്തലീൻ) പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്.