പാറ്റകളുടെ ശല്യമില്ലാത്ത വീടുകൾ വളരെ കുറവാണ്. എത്രതന്നെ വൃത്തിയായി സൂക്ഷിച്ചാലും അടുക്കളയിലും കുളിമുറിയിലും അലമാരയിലുമെല്ലാം ഇവയുടെ ശല്യം കൂടുതലാണ്. പാറ്റകൾ മൂലമുണ്ടാവുന്ന രോഗങ്ങളും അനേകമാണ്. ഇവയെ തുരത്താൻ മാർക്കറ്റിൽ ലഭിക്കുന്ന പല കെമിക്കൽ സാധനങ്ങളും വീട്ടിൽ വാങ്ങി വയ്ക്കാറുണ്ട്. എന്നാൽ കുട്ടികളുള്ള വീട്ടിൽ ഇത്തരം കെമിക്കൽ നിറഞ്ഞ സാധനങ്ങൾ വയ്ക്കുന്നത് അപകടമാണ്. അതിനാൽ പാറ്റയെ തുരത്താൻ ചില പ്രകൃതിദത്ത വഴികൾ കൂടി നോക്കിയാലോ?
നാരങ്ങയുടെ രൂക്ഷഗന്ധം പാറ്റകൾക്ക് അസഹനീയമാണ്. അതിനാൽ ഇതിന്റെ നീര് വെള്ളം ചേർത്ത് നേർപ്പിച്ച് സ്പ്രേ കുപ്പിയിലാക്കി പാറ്റ ശല്യമുള്ളയിടങ്ങൾ സ്പ്രേ ചെയ്യുക. ഇത് പാറ്റകളെ അകറ്റാൻ സഹായിക്കും.
ഓറഞ്ച് തൊലികൾ ഉണക്കി അടുക്കളയുടെ മൂലകളിലും സിങ്കിനടിയിലും വയ്ക്കുക. ഇവയുടെ ഗന്ധം പാറ്റകൾക്ക് ഇഷ്ടമല്ലാത്തതിനാൽ അവ അവിടെ നിന്ന് അകന്ന് പോകുന്നു.
ബേക്കിംഗ് സോഡ നാരങ്ങാ നീരും ചേർത്ത് പാറ്റശല്യമുള്ളയിടങ്ങളിൽ തുടയ്ക്കുക. ഇത് പാറ്റകളെ അകറ്റി നിർത്താൻ സഹായിക്കുന്നു.
വേപ്പെണ്ണ ഉപയോഗിച്ചും പാറ്റകളെ തുരത്താം. കുറച്ച് വെള്ളത്തിൽ വേപ്പെണ്ണ കലർത്തുക. ഇനി സ്പ്രേ ബോട്ടിലാക്കി, പാറ്റയുടെ സാമീപ്യമുള്ളയിടങ്ങളിൽ തളിച്ചുകൊടുക്കാം. വളരെ വേഗം പാറ്റയുടെ ശല്യം ഇത് കുറയ്ക്കും.
ഇളം ചൂടുവെള്ളത്തിൽ അൽപം വിനാഗിരി ചേർക്കുക. ഒന്നുകിൽ ഒരു തുണി ഇതിൽ മുക്കി അടുക്കളയിലെ സ്ലാബും മറ്റും തുടച്ചുകൊടുക്കാം. ഇത് സിങ്കിൽ കുറച്ചുകൂടുതൽ ഒഴിച്ചുകൊടുക്കണം. പാറ്റകളെ അകറ്റുന്നതിനൊപ്പം അണുവിമുക്തമാക്കാനും സഹായിക്കും.