മലയാളികളുടെ പതിവ് പ്രഭാതഭക്ഷണ വിഭവങ്ങളാണ് ദോശ, ഇഡ്ഡലി, അപ്പം, പുട്ട്, പൂരി, ചപ്പാത്തി തുടങ്ങിയവ. ഇവ ഇല്ലാത്ത മലയാളി വീടുകൾ സങ്കൽപ്പിക്കാൻ പോലുമാവില്ല. ജീവിതത്തിരക്കുകൾ വർദ്ധിച്ചതിനാൽ സാധാരണയായി മിക്കവരും ദോശയ്ക്കും ഇഡ്ഡലിക്കും ഒരുമിച്ച് മാവ് തയ്യാറാക്കി മാറിമാറി ഓരോദിവസവും ഉണ്ടാക്കുകയായിരിക്കും ചെയ്യുന്നത്. മാവ് തയ്യാറാക്കുമ്പോൾ മിക്കവർക്കും പറ്റുന്നൊരു കയ്യബദ്ധമാണ് ഉപ്പ് കൂടിപ്പോവുക എന്നത്. ഉപ്പുരസം കുറയ്ക്കാൻ വെള്ളം ചേർത്താൽ മാവിന്റെ പാകം ഇല്ലാതായി പോവുകയും ചെയ്യും. എന്നാൽ ഇതിന് മികച്ച പരിഹാരം നമ്മുടെ വീടുകളിൽ തന്നെയുണ്ട്. ഈ വിദ്യകൾ പരീക്ഷിച്ചുനോക്കാം.
വീട്ടിൽ ബ്രെഡ് ഉണ്ടെങ്കിൽ കുറച്ച് കഷ്ണം എടുത്ത് മിക്സിയിലിട്ട് പൊടിച്ചതിനുശേഷം ഇത് മാവിൽ ചേർത്ത് യോജിപ്പിക്കാം. ഇത് ഉപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
കുറച്ച് ഓട്സ് പൊടിച്ചെടുത്തത് മാവിൽ ചേർക്കുന്നതും ഉപ്പ് അമിതമായത് പരിഹരിക്കാൻ സഹായിക്കും.
ദോശയ്ക്കൊപ്പം തയ്യാറാക്കുന്ന ചമ്മന്തിയിൽ ഉപ്പ് കൂടിയാൽ അൽപം തേങ്ങാപ്പാൽ ചേർത്ത് യോജിപ്പിച്ചാൽ മതിയാവും.
മറ്റ് കറികളിൽ ഉപ്പ് കൂടിയാൽ, ഗോതമ്പ് മാവ് ചെറിയ ഉരുളകളാക്കി കുഴച്ചെടുക്കാം. ശേഷം ഇത് കറികളിൽ ഇട്ടുകൊടുക്കണം. ഇന് കറി ഒന്നുകൂടി തിളപ്പിക്കുമ്പോൾ അമിതമായ ഉപ്പ് ഈ ഗോതമ്പ് ഉരുളുകൾ വലിച്ചെടുക്കും. ഉപ്പ് മിതമായ അളവിൽ ആയിക്കഴിയുമ്പോൾ ഉരുളകൾ പുറത്തെടുക്കാം.