
മലയാള സിനിമാപ്രേമികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഹാസ്യനടനാണ് മാള അരവിന്ദൻ. നാടക നടനായിരുന്ന അദ്ദേഹം യാദൃശ്ചികമായാണ് സിനിമയിലെത്തിയത്. ഒരുസമയത്ത് ജഗതി ശ്രീകുമാറിനേക്കാൾ മാർക്കറ്റ് വാല്യു മാള അരവിന്ദന് സിനിമയിലുണ്ടായിരുന്നു. ഇപ്പോഴിതാ നടനും സംവിധായകനുമായ ആലപ്പി അഷ്‌റഫ് യൂട്യൂബ് ചാനലിലൂടെ മാള അരവിന്ദന്റെ ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ്.
'നാടകത്തിനായി കേരള സർക്കാർ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയപ്പോൾ ആദ്യമായി മികച്ച നടനുളള അവാർഡ് കിട്ടിയത് മാള അരവിന്ദനായിരുന്നു. 15 വർഷത്തോളം നാടകത്തിൽ തുടർന്നതിനുശേഷമാണ് അദ്ദേഹം സിനിമയിലെത്തിയത്. ആദ്യകാലങ്ങളിൽ സിനിമകളിൽ ചെറിയ വേഷമായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. അധികമാരും മാളയെ തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട് സിനിമയിൽ അദ്ദേഹത്തിന്റെ തേരോട്ടമായിരുന്നു.
നിന്നിഷ്ടം എന്നിഷ്ടം എന്ന ചിത്രത്തിൽ മാളയുടെ മാർക്കറ്റ് വാല്യു ജഗതി ശ്രീകുമാറിനേക്കാൾ കൂടുതലായിരുന്നു. ഹിന്ദുവായ അദ്ദേഹം ഒരു ക്രിസ്ത്യാനി യുവതിയെയാണ് വിവാഹം ചെയ്തത്. നിങ്ങൾക്കുണ്ടാകുന്ന കുഞ്ഞിനെ ഏത് മതത്തിൽപ്പെടുത്തുമെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചു. ഹിന്ദുസ്ഥാനി വിഭാഗത്തിൽപ്പെടുത്തുമെന്നാണ് അദ്ദേഹം മറുപടി കൊടുത്തത്. അദ്ദേഹത്തിന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ സിനിമയിലെ പല പ്രമുഖരെയും ക്ഷണിച്ചിരുന്നു. എല്ലാവരെയും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഒരൊളൊഴിച്ച് മറ്റാരും ആ വിവാഹത്തിൽ പങ്കെടുത്തില്ല.
ഇടുക്കിയിലെ ഷൂട്ടിംഗ് തിരക്കുകൾക്കിടയിൽ നിന്നാണ് മമ്മൂട്ടിയും ഭാര്യയും പാതിരാത്രിക്ക് മാളയുടെ വീട്ടിലെത്തിയത്. ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്ന് മാള അരവിന്ദൻ പറഞ്ഞിട്ടുണ്ട്. ക്ഷണിച്ചവരിൽ നിന്ന് പണമല്ല സഹകരണമാണ് പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
തിലകനെപ്പോലെ സിനിമയിലെ വിലക്കിനെ നേരിട്ട നടനാണ് മാള അരവിന്ദൻ. സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയെന്നതിനെ തുടർന്നായിരുന്നു വിലക്ക്. വിനയന്റെ ചിത്രത്തിൽ അഭിനയിക്കാൻ അഡ്വാൻസ് വാങ്ങിയ പലരും പണം തിരിച്ചേൽപ്പിച്ചിരുന്നു. എന്നാൽ അതിനെ നിന്റെ അച്ഛനല്ല എന്റെ അച്ഛൻ എന്ന ഒരൊറ്റ വാചകം കൊണ്ട് മാള തകർത്തു. ഈ വാചകം പിന്നീട് മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞ് കൈയടി നേടിയിരുന്നു'- ആലപ്പി അഷ്‌റഫ് പറഞ്ഞു.