
തൃശൂർ: കുന്നംകുളം കസ്റ്റഡി മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വിഎസ് സുജിത്ത് വിവാഹിതനായി. പുതുശ്ശേരി സ്വദേശിയായ തൃഷ്ണയാണ് വധു. ഗുരുവായൂർ ക്ഷേത്രനടയിൽ രാവിലെ ഏഴിനും 7.45നും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു താലികെട്ട്. അഞ്ച് വർഷംനീണ്ട പ്രണയത്തിനൊടുവിലാണ് സുജിത്ത് വിവാഹിതനാകുന്നത്. ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു.
സുജിത്തിന്റെ സുഹൃത്തും ഇൻകാസ് സംസ്ഥാന സെക്രട്ടറിയുമായ സി സാദിഖ് അലി വിവാഹത്തിനുശേഷം ക്ഷേത്രത്തിൽ കാണിക്കയിടാൻ യുഎഇ ദിർഹം നൽകിയത് ശ്രദ്ധേയമായി. അടുത്തിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഒരു പവന്റെ സ്വർണമോതിരവും ജോസഫ് ടാജറ്റ് രണ്ടുപവൻ വരുന്ന സ്വർണമാലയും സുജിത്ത് സമ്മാനിച്ചിരുന്നു.
കെപിസിസി മുൻ പ്രസിഡന്റുമാരായ വിഎം സുധീരൻ, കെ മുരളീധരൻ, യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എം പി തുടങ്ങിയവരും മറ്റ് എം പിമാരും വിവാഹത്തിനെത്തുമെന്ന് സുജിത്ത് നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം കുന്നംകുളം പൊലീസ് കസ്റ്റഡിയിലെടുത്ത സുജിത്തിനെ ക്രൂരമർദനത്തിനിരയാക്കിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അടുത്തിടെയാണ് പുറത്തുവന്നത്. ഏറെനാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് സുജിത്തിന് മർദന ദൃശ്യങ്ങൾ ലഭിച്ചത്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ഇതോടെ സുജിത്തിനെ മർദിച്ച പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ തന്നെ മർദിച്ച പൊലീസുദ്യോഗസ്ഥരെ സർവീസിൽ നിന്ന് പുറത്താക്കണമെന്നാണ് സുജിത്തിന്റെ ആവശ്യം.