tea

ചായ ഇഷ്ടമില്ലാത്ത മലയാളികൾ വളരെ കുറവാണ്. ദിവസവും ഒരു ചായ എങ്കിലും കുടിച്ചില്ലെങ്കിൽ തലവേദന വരുന്നവർവരെയുണ്ട്. എന്നാൽ ദിവസവും ചായ കുടിക്കുന്നത് ശരീരത്തിന് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പ്രത്യേകിച്ച് രാവിലെ വെറും വയറ്റിൽ ചായ കുടിക്കുന്നത്. ഇത് അസിഡിറ്റിക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു.

ചായയിലെ കഫീൻ, ആസിഡ് ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ആമാശയപാളിയിൽ അസ്വസ്ഥത ഉണ്ടാക്കുന്നു. എന്നാൽ ഇഞ്ചി, ഏലം തുടങ്ങിയവ ഇട്ട ചായ കുടിക്കുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാം. ചായയിലെ ടാനിൻ എന്ന സംയുക്തം ശരീരത്തിലെ പ്രധാന പോഷകങ്ങളെ ആഗിരണം ചെയ്യുന്നു. പ്രത്യേകിച്ച് ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ കഴിച്ച ശേഷം ചായ കുടിക്കുന്നത് വിദഗ്ധർ വിലക്കുന്നുണ്ട്.

കൂടാതെ ചായ ജലാംശം നൽകുന്നതായി തോന്നുമെങ്കിലും കഫീന് നേരിയ ഡെെയൂററ്റിക് ഗുണങ്ങളുണ്ട്. അതായത് ഇടയ്ക്കിടെ മൂത്രമെഴിക്കുന്നതിന് കാരണമാകുന്നു. രാത്രിയിൽ മണിക്കൂറുകളോളം ഉറങ്ങുന്നതിനാൽ ശരീരത്തിൽ ഇതിനകം തന്നെ നിർജലീകരണം സംഭവിച്ചിട്ടുണ്ട്. രാവിലെ ഉണരുമ്പോൾ ആവശ്യത്തിന് വെള്ളം കുടിക്കാതെ ചായ കുടിക്കുന്നത് കൂടുതൽ നി‌ർജലീകരണത്തിന് കാരണമാകും.

ചായ താൽക്കാലിക ഊർജം നൽകുമെങ്കിലും കഫീനും പഞ്ചസാരയും ദിവസത്തിന്റെ അവസാനത്തിൽ ക്ഷീണത്തിന് കാരണമാകും. രാവിലെ ഉണർന്ന ഉടനെ ചായ കുടിക്കുന്നത് പല്ലുകളിൽ കറ ഉണ്ടാക്കുകയും കാലക്രമേണ ഇനാമലിനെ ദുർബലപ്പെടുത്തുകയും ചെയ്യും. പല്ല് തേയ്ക്കാതെ ചായ കുടിക്കുന്നത് ദന്താരോഗ്യത്തെ ബാധിക്കാനുള്ള സാദ്ധ്യത കൂടുതലാണ്.