onions

ഉള്ളി ഇല്ലാത്ത അടുക്കളകൾ വളരെ വിരളമാണ്. ഇന്ത്യക്കാർ പൊതുവെ ഭക്ഷണത്തിനൊപ്പവും ഉള്ളി ചേർക്കുന്ന പതിവ് ഉണ്ട്. എന്നാൽ ഉള്ളി നിരോധിച്ച ഒരു സ്ഥലത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അങ്ങനെ ഒരു സ്ഥലം ഉണ്ട്. അതും ഇന്ത്യയിൽ തന്നെ. ജമ്മുകാശ്മീരിലെ കത്റയാണ് അത്. വെെഷ്ണോ ദേവി തീർത്ഥാടനത്തിന്റെ പ്രധാന കവാടം ഈ നഗരമാണ്. ഇവിടെ ഉള്ളിയും വെളുത്തുള്ളിയും കൃഷി ചെയ്യാനോ വിൽക്കാനോ കഴിക്കാനോ അനുവാദമില്ല. ഹോട്ടലുകളിലും ഇവ കാണാൻ കഴിയില്ല.

തീർത്ഥാടന മേഖലയുടെ പവിത്രതയ്ക്ക് വേണ്ടിയാണ് ഇത്തരത്തിൽ ഉള്ളി നിരോധിച്ചിരിക്കുന്നത്. ഹിന്ദുമതവിശ്വാസത്തിൽ ഉള്ളിയും വെളുത്തുള്ളിയും തമസിക് ഭക്ഷണങ്ങളായി തരംതിരിച്ചിരിക്കുന്നു. തമസിക് ഭക്ഷണങ്ങൾ ശരീരത്തിലും മനസിലും അലസത, കോപം, നെഗറ്റീവ് സ്വാധീനങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വാസം. അതിനാൽ പ്രാർത്ഥിക്കുമ്പോഴോ ഉപവസിക്കുമ്പോഴോ ആചാരങ്ങൾ അനുഷ്ഠിക്കുമ്പോഴോ അവ കഴിക്കാൻ പാടില്ല. തൽഫലമായാണ് കത്രയിൽ വിളമ്പുന്ന ഭക്ഷണങ്ങളിൽ നിന്ന് ഇവ പൂർണമായും ഒഴിവാക്കിയത്. രുചിയിലോ പോഷകത്തിലോ വിട്ടുവീഴ്ച ചെയ്യാതെയാണ് ഇവിടത്തെ ആഹാരരീതി. വളരെ പവിത്രവും രുചികരവുമായ ഭക്ഷണമാണ് ഇവിടെ നിന്ന് ലഭിക്കുന്നതെന്നാണ് പല തീർത്ഥാടകരും പറയുന്നത്.