meesha-madhavan

മലയാളികൾ ഇഷ്ടപ്പെടുന്ന ഒരുപിടി ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് രഞ്ജൻ പ്രമോദ്. ലാൽജോസ് സംവിധാനം ചെയ്ത് ദിലീപും കാവ്യാ മാധവനും കേന്ദ്ര കഥാപാത്രങ്ങളിലായെത്തിയ മീശമാധവനെന്ന ചിത്രത്തിന്റെ തിരക്കഥ രഞ്ജൻ പ്രമോദിന്റേതായിരുന്നു. ഹിറ്റ് ചിത്രമായ മീശമാധവനിൽ രഞ്ജൻ പ്രമോദിന് സംതൃപ്തി ഉണ്ടായിരുന്നില്ലെന്ന് ലാൽ ജോസ് ഒരുപരിപാടിയിൽ പറഞ്ഞിരുന്നു. ഇപ്പോഴിതാ ആ പരാമർശത്തിൽ കൂടുതൽ വ്യക്തത വരുത്തിയിരിക്കുകയാണ് രഞ്ജൻ പ്രമോദ്. ഒരു പോഡ്കാസ്റ്റ് അഭിമുഖത്തിനിടയിലാണ് അദ്ദേഹം മീശമാധവനിലെ ഇന്റിമേറ്റ് സീനിനെക്കുറിച്ച് പറഞ്ഞത്.

'ഭഗവാൻ കൃഷ്ണനുമായി ബന്ധപ്പെടുത്തിയല്ല മീശമാധവന്റെ തിരക്കഥ എഴുതിയത്. അത് ഹി​റ്റ് ചിത്രമായിരുന്നു. പക്ഷെ തിരക്കഥാകൃത്തെന്ന നിലയിൽ എനിക്ക് മീശമാധവനിൽ സംതൃപ്തി ഇല്ലായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ് പറഞ്ഞിട്ടുണ്ട്. എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. ആ സിനിമയിൽ എനിക്ക് തീരെ ഇഷ്ടമില്ലാത്ത ഒരു കാര്യമുണ്ട്. അതിന്റെ പേരിൽ ഞാനും ലാൽ ജോസും തമ്മിൽ പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്.

നായകൻ നായികയുടെ അരഞ്ഞാണം മോഷ്ടിക്കുന്ന സീനുമായി ബന്ധപ്പെട്ടാണ് പ്രശ്നമായത്. സീൻ എഡി​റ്റ് ചെയ്യുമ്പോൾ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ലാൽ ജോസ് പറഞ്ഞിരുന്നു. പക്ഷെ എഡി​റ്റിംഗ് കഴിഞ്ഞ സീൻ കൃത്യമായി കാണാൻ സംവിധായകൻ എന്നെ വിളിച്ചിരുന്നില്ല. ചിലപ്പോൾ അത് മനഃപൂർവമായിരിക്കില്ല.

നായികയോടുളള നായകന്റെ സംഭാഷണങ്ങൾ പൊളി​റ്റിക്കൽ കറക്ട്‌നെസാണെന്ന് ഇപ്പോഴുളളവർ പറയുന്നുണ്ട്. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. നായകന് നായികയോടുളള പ്രണയമാണ് അവിടെ ചിത്രീകരിച്ചിരിക്കുന്നത്. ഡബിൾ മീനിംഗുളള പല സംഭാഷണങ്ങളും ഞാൻ തിരക്കഥയിൽ എഴുതിയിട്ടുണ്ട്. അരഞ്ഞാണം മോഷ്ടിക്കുന്ന സീൻ ചിത്രീകരിച്ചതിൽ എനിക്ക് കുറച്ച് വിയോജിപ്പുണ്ടായിരുന്നു. അരഞ്ഞാണത്തിന്റെ വലിപ്പം കാണിക്കാനല്ല ഞാൻ ആ സീൻ എഴുതിയത്. റൊമാന്റിക് സീനാണെന്ന് ഞാൻ കരുതിയ സീനിലാണ് മയിൽപ്പീലിയുടെയും അരഞ്ഞാണത്തിന്റെയും വലിപ്പം മാത്രം കാണിച്ചത്. അതെനിക്ക് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു'- രഞ്ജൻ പ്രമോദ് പറഞ്ഞു.