d

മുംബയ്: മുംബയിൽ രണ്ട് ദിവസമായി തുടരുന്ന കനത്തമഴ ജന ജീവിതത്തെ സ്തംഭിപ്പിച്ചു. മുംബയിലെ കിംഗ്സ് സർക്കിൾ, ലാൽബാഗ്, വർളി പരേൽ, പൂനെ, താനെ, കുർള തുടങ്ങിയ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വെള്ളക്കെട്ടിനെ തുടർന്ന് നിരവധിയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. റെയിൽ പാളത്തിൽ വെള്ളക്കെട്ട് ഉയർന്നതിനാൽ ദാദർ, കുർള, ബാന്ദ്ര എന്നീ സ്​റ്റേഷനുകളിൽ നിന്നുള്ള ട്രെയിൻ 10-15 മിനിട്ട് വൈകി. വിമാന സർവീസുകളേയും മഴ ബാധിച്ചു. പൂനെയിൽ ഇന്നലെ മാത്രം 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ചിലത് വൈകി. 10 മരങ്ങൾ കടപുഴകി വീണതായി പൂനെ അഗ്നിശമന സേന അറിയിച്ചു.

അതേസമയം, മുംബയിലും പൂനെയിലും കേന്ദ്ര കലാവസ്ഥ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. മണിക്കൂറിൽ 50കിലോമീറ്റർ വേഗമുള്ള കാറ്റുവീശാനും സാദ്ധ്യതയുണ്ടെന്നും അറിയിച്ചു. നാളെ വരെ മഴ തുടരും. ഇന്നലെ തെക്കൻ മുംബയിൽ മാത്രം 134.4 മില്ലിമീറ്ററും പ്രാന്തപ്രദേശങ്ങളിൽ 73.2 മില്ലിമീറ്റർ മഴയും രേഖപ്പെടുത്തി. അതിനിടെ പൂനെയിലെ വിവിധ ഭാഗങ്ങിൽ നിന്ന് 70ലധികം പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭാസ സ്ഥപനങ്ങൾക്കും അവധി പ്രഖ്യപിച്ചു.

അതേസമയം,ഉത്തരേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. ഉത്തർ​പ്രദേശിൽ എൺപതോളം ഗ്രാമങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഹെക്ടർ കണക്കിന് കൃഷി നശിച്ചു. 35 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകി. ബീഹാറിലും സ്ഥിതിവ്യത്യസ്തമല്ല. ഗംഗാനദി നിറഞ്ഞൊഴുകുന്നതിനാൽ പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടാണ്. കാലാവസ്ഥ വിഭാഗം അടുത്ത അഞ്ച് ദിവസവും കനത്ത മഴയുണ്ടാകുമെന്ന് അറിയിപ്പ് നൽകി.