തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തി ഗോപാലകൃഷ്ണ ഗോഖലെയെ സന്ദർശിക്കുന്ന മഹാത്മാ ഗാന്ധിയിലൂടെയാണ് 'ഗാന്ധി" എന്ന നാടകം തുടങ്ങുന്നത്. ഗോഖലെയുടെ ഉപദേശത്തെ തുടർന്ന് ഇന്ത്യൻ ഗ്രാമങ്ങളുടെ യാഥാർത്ഥ്യം തേടിയിറങ്ങിയ ഗാന്ധിജി, പിന്നീട് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ പ്രധാന മുഖമായി മാറിയതെങ്ങനെയെന്നും തുടർരംഗങ്ങളിൽ കാണാം. കിഴക്കേകോട്ട കാർത്തിക തിരുന്നാൾ തിയേറ്ററിൽ അരങ്ങേറിയ പത്തനാപുരം ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ മൂന്നാമത്തെ നാടകം 'ഗാന്ധി" കാണികൾക്ക് പുതിയ ഉൾക്കാഴ്ചയായി. സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് ബന്ധപ്പെട്ടിരിക്കുന്ന ഗാന്ധിജിയുടെ ജീവിതം പറയുന്ന നാടകം ഗാന്ധിയൻ ആശയങ്ങളിൽ നിലനിൽക്കുന്ന സംശയങ്ങൾക്ക് ഉത്തരം നൽകുന്നു. ഭഗത് സിംഗിനെ ഉൾപ്പെടെ തൂക്കിലേറ്റിയതിൽ ഗാന്ധിജി അഭിപ്രായം പറയാത്തതിലെ യഥാർത്ഥ സത്യവും നാടകം വിശദീകരിക്കുന്നു. വ്യത്യസ്തമായ കണ്ണിലൂടെയാണ് ഗാന്ധി നാടകം പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. രണ്ടര മണിക്കൂറിൽ കാഴ്ചക്കാരെ ഒട്ടും മുഷിപ്പിക്കാതെ തന്നെ ആ ചരിത്രം അരങ്ങിലെത്തിക്കാൻ നാടകത്തിന് കഴിഞ്ഞു. രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ ഇന്ത്യൻ ചരിത്രം അരങ്ങിലെത്തി. ഗാന്ധിയുടെ വ്യക്തിജീവിതവും നാടകത്തിലൂടെ അവതരിപ്പിക്കുന്നു. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. ആർട്ടിസ്റ്റ് സുജാതനെ ചടങ്ങിൽ മന്ത്രി ആദരിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സൂര്യാകൃഷ്ണമൂർത്തി, കൊല്ലം തുളസി, പാലോട് രവി തുടങ്ങിയവർ നാടകം കാണാനെത്തി. ഫ്രാൻസിസ് ടി.മാവേലിക്കര,പുനലൂർ സ്വാമരാജൻ,മീനമ്പലം സന്തോഷ് എന്നിവരാണ് ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെയും ശ്രീ സ്വാതി തിരുനാൾ സംഗീത സഭയുടെയും ആഭിമുഖ്യത്തിൽ ഗാന്ധി നാടകം അണിയിച്ചൊരുക്കിയത്.