kerala

തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്നത് നിര്‍ണായകമായ മാറ്റം. തുറമുഖത്ത് റോഡ് മാര്‍ഗം ചരക്ക് നീക്കം ആരംഭിക്കാന്‍പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര ചരക്ക് കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള അനുമതി കസ്റ്റംസില്‍ നിന്ന് ലഭിച്ചതിന് പിന്നാലെയാണിത്. കസ്റ്റംസ് ആന്റ് എക്സൈസ് വകുപ്പിന്റെ പ്രാഥമിക അനുമതിയാണ് ലഭിച്ചത്. കസ്റ്റംസ് കമ്മീഷണറേറ്റിന്റ അന്തിമ അനുമതി കൂടി ലഭിക്കേണ്ടതുണ്ട്.

വിഴിഞ്ഞത്ത് മദര്‍ഷിപ്പുകളില്‍ എത്തുന്ന കണ്ടെയ്നറുകള്‍ ഫീഡര്‍ ഷിപ്പ് വഴി കൊണ്ടുപോകുന്ന പ്രക്രിയയാണ് നിലവില്‍ വിഴിഞ്ഞത്ത് നടക്കുന്നത്. കസ്റ്റംസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തര ചരക്ക് നീക്കവും സാദ്ധ്യമാകും. ഇത് കേരളത്തിന്റേയും അയല്‍ സംസ്ഥാനങ്ങളായ തമിഴ്നാട്, കര്‍ണാടക എന്നിവരുടേയും ഉത്പന്നങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഗള്‍ഫിലേക്കും എത്തിക്കുന്നതിന് വിഴിഞ്ഞം തുറമുഖം ഉപയോഗപ്പെടുത്തുന്നത് കേരളത്തിന് വലിയ നേട്ടമായി മാറും.

തങ്ങളുടെ ഉത്പന്നങ്ങള്‍ രാജ്യത്തെ തുറമുഖത്ത് നിന്ന് നേരിട്ട് മദര്‍ഷിപ്പുകളില്‍ എത്തുന്നുവെന്നതാണ് അയല്‍സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകുന്നത്. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയിലെ എന്‍എച്ച് 66നോട് ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. ഈ നിര്‍മാണപ്രവര്‍ത്തനം തീരുന്നതിന് പിന്നാലെ ട്രയല്‍ റണ്‍ ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാന്‍ രാത്രികാലങ്ങളില്‍ കണ്ടെയ്നര്‍ ഗതാഗതം അനുവദിക്കാനാണ് ആലോചിക്കുന്നത്.

വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണങ്ങള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമായിരുന്നില്ല. റോഡ് സംവിധാനങ്ങള്‍ പൂര്‍ത്തിയായി ആഭ്യന്തര ചരക്ക് നീക്കം സാധ്യമാകുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊണ്ടുവരുന്ന ചരക്കുകള്‍ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക പോലുള്ള സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ കഴിയും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം.എസ്.സിയുടെ പ്രധാന കപ്പല്‍ റൂട്ടുകളില്‍ വിഴിഞ്ഞം ഉള്‍പ്പെട്ടതും ഗുണമാകും.