
ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ കരുത്തരായ ശ്രീലങ്കയെ വിറപ്പിച്ച ശേഷം പരാജയം സമ്മതിച്ച് ഹോംഗ് കോംഗ്. 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക നാല് വിക്കറ്റിനാണ് വിജയിച്ചത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ പാത്തും നിസംഗ 68(44) ആണ് ലങ്കയുടെ ടോപ് സ്‌കോറര്‍. നിര്‍ണായകമായ 18ാം ഓവറില്‍ ക്യാപ്റ്റന്‍ യാസിം മുര്‍താസ 14 റണ്‍സ് വഴങ്ങിയതാണ് ഹോംഗ് കോംഗിന് തിരിച്ചടിയായത്. ജയത്തോടെ ശ്രീലങ്ക സൂപ്പര്‍ ഫോറിലേക്കുള്ള പ്രവേശനം ഉറപ്പിച്ചു.
ലങ്കന്‍ ബൗളര്‍മാര്‍ക്ക മുന്നിലും ബാറ്റര്‍മാര്‍ക്ക് മുന്നിലും മികച്ച പോരാട്ടവീര്യമാണ് ഹോംഗ് കോംഗ് പുറത്തെടുത്തത്. നിസംഗയ്ക്ക് പുറമേ മറ്റൊരു ബാറ്ററേയും കടന്നാക്രമിക്കാന്‍ അനുവദിക്കാതെയാണ് ഹോംഗ് കോംഗ് ബൗളര്‍മാര്‍ പന്തെറിഞ്ഞത്. കുസാല്‍ മെന്‍ഡിസ് 11(14), കാമില്‍ മിഷാര 19(18), കുസാല്‍ പെരേര 20(16), ക്യാപ്റ്റന്‍ ചാരിത് അസലങ്ക 2(5), കാമിന്ദു മെന്‍ഡിസ് 5(5) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോറുകള്‍. വാണിന്ദു ഹസരംഗ ഒമ്പത് പന്തുകളില്‍ നിന്ന് 20 റണ്‍സും മുന്‍ നായകന്‍ ദസൂണ്‍ ഷണക 6*(3) എന്നിവരും പുറത്താകാതെ നിന്നു.
ആദ്യം ബാറ്റ് ചെയ്ത ഹോംഗ് കോംഗ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന നിസാക്കത്ത് ഖാന്‍ 52*(38), 48(46) റണ്‍സ് നേടിയ ഓപ്പണര്‍ അന്‍ഷുമാന്‍ രാഥ് എന്നിവരുടെ പ്രകടനമാണ് ഹോംഗ് കോംഗിനെ ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. മറ്റൊരു ഓപ്പണര്‍ സീഷാന്‍ അലി 23(17) റണ്‍സ് നേടി. ബാബര്‍ ഹയാത് 4(10), ക്യാപ്റ്റന്‍ യാസിം മുര്‍താസ 5(4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. എയ്‌സാസ് ഖാന്‍ 4(6) പുറത്താകാതെ നിന്നു.
ഇന്ന് നടന്ന ആദ്യത്തെ മത്സരത്തില്‍ ആതിഥേയരായ യുഎഇ ഒമാനെ പരാജയപ്പെടുത്തി. 42 റണ്‍സിനായിരുന്നു യുഎഇയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടിയപ്പോള്‍ ഒമാന്റെ മറുപടി 18.4 ഓവറില്‍ 130 റണ്‍സില്‍ അവസാനിച്ചു. 38 പന്തുകളില്‍ നിന്ന് 51 റണ്‍സ് നേടിയ മലയാളി താരവും യുഎഇ ഓപ്പണറുമായ അലിഷാന്‍ ഷറഫു ആണ് പ്ലെയര്‍ ഓഫ് ദി മാച്ച്. അടുത്ത മത്സരത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തുകയോ പാകിസ്ഥാന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുകയോ ചെയ്താല്‍ ഇന്ത്യക്കൊപ്പം യുഎഇ സൂപ്പര്‍ ഫോറിലേക്ക് മുന്നേറും.