
സൈബര്‍ തട്ടിപ്പുകള്‍ നേരിടാന്‍ ഉപഭോക്താക്കള്‍ കരുതിയിരിക്കണം. കഴിഞ്ഞ വര്‍ഷം 36 ലക്ഷം കേസുകളിലൂടെ 22,845.73 കോടി രൂപയാണ് സൈബര്‍, ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നഷ്ടമായത്. 2023ല്‍ 24.42 ലക്ഷം കേസുകളില്‍ 7465.18 കോടി രൂപയുടെ സൈബര്‍ തട്ടിപ്പാണ് നടന്നത്. ഒരു വര്‍ഷത്തിനിടെ തുകയില്‍ 206 ശതമാനം വര്‍ദ്ധനയുണ്ട്. കേരളത്തില്‍ റിട്ടയേഡ് ഹൈക്കോടതി ജഡ്ജി, സൈബര്‍ ക്രൈമില്‍ സ്പെഷ്യലൈസ് ചെയ്ത അഭിഭാഷകന്‍, ബിഷപ്പ്, ബിസിനസുകാര്‍, ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ ഇരകളായി. കോവിഡാനന്തരം ഓഹരി വിപണി കുതിച്ചുയര്‍ന്നതോടെ നിക്ഷേപകര്‍ക്ക് വന്‍ നേട്ടമുണ്ടായി. ഈ സാഹചര്യം കാണിച്ച് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ ഒരുപാട് പണമുണ്ടാക്കാമെന്ന് പ്രലോഭിച്ചാണ് ആളുകളെ കെണിയിലാക്കുന്നത്. ഓഹരി വിപണിയിലെ വരുമാനത്തിന്റെ ചരിത്രം അറിയാത്ത ആളുകളാണ് നൂറും ഇരുന്നൂറും ശതമാനം നേട്ടമുണ്ടാകുമെന്ന പ്രചാരണത്തില്‍ വീഴുന്നത്. ഓഹരി വിപണിയില്‍ ദീര്‍ഘകാലത്തിലാണ് വലിയ സമ്പത്തുണ്ടാകുന്നത്. വിപണിയുടെ ചരിത്രമെടുത്താല്‍ ദീര്‍ഘകാല നിക്ഷേപത്തിലൂടെ ശരാശരി 15 ശതമാനം വാര്‍ഷിക നേട്ടമാണ് ലഭിക്കുക. അതിന് ഉറപ്പുമില്ല.
ഓഹരി നിക്ഷേപത്തില്‍ ശ്രദ്ധിക്കേണ്ടത്
അമിതമായ വരുമാനം ആര് വാഗ്ദാനം ചെയ്താലും വിശ്വസിക്കരുത്
വിശ്വസനീയമല്ലാത്ത ഓണ്‍ലൈന്‍ ആപ്പുകള്‍ ഒഴിവാക്കണം
സെബി രജിസ്റ്റേര്‍ഡ് ബ്രോക്കര്‍മാരിലൂടെ മാത്രം നിക്ഷേപിക്കുക
വെര്‍ച്ച്വല്‍ അറസ്റ്റ് വെറുതെയാണ്
വെര്‍ച്വല്‍ അറസ്റ്റ് കെണിയും കരുതിയിരിക്കണം. തട്ടിപ്പുകാരുടെ വീഡിയോ കാളില്‍ ഫോണില്‍ ചിലപ്പോള്‍ പോലീസ് ഉദ്യോഗസ്ഥനെയോ കോടതി മുറിയോ കാണിച്ചേക്കും. വിവിധ ആരോപണങ്ങള്‍ ഉന്നയിച്ച് ജയിലിലാക്കുമെന്ന ഭിഷണി കേട്ട് അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് പണമയച്ചുകൊടുക്കുന്നവര്‍ ഏറെയാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ വെര്‍ച്വല്‍ അറസ്റ്റില്ലയെന്ന് മനസ്സിലാക്കുക.
കാശ് തട്ടാന്‍ എ.ഐ വീഡിയോകള്‍
എ.ഐ വീഡിയോ ഉപയോഗിച്ചാണ് മറ്റൊരു തട്ടിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ വിപുലമായ തട്ടിപ്പുകള്‍ സാദ്ധ്യമാണ്. ഒറിജിനല്‍ വീഡിയോയുടെ ഓഡിയോ മാറ്റിയാണ് കെണിയൊരുക്കുന്നത്. 20,000 രൂപ അടച്ചാല്‍ എല്ലാ മാസവും രണ്ട് ലക്ഷം രൂപ വീതം കിട്ടുന്ന സ്‌കീമിനെക്കുറിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ ഒരു വീഡിയോ പ്രചരിച്ചിരുന്നു. 20,000 രൂപയടച്ചാല്‍ പ്രതിമാസം രണ്ടു ലക്ഷം കിട്ടാനുള്ള യാതൊരു സാദ്ധ്യതയുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. പക്ഷെ നിരവധി വിദ്യാസമ്പന്നരാണ് ഈ സ്‌കീമില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചത്.
ആര്‍ത്തി വിനയാകും
ഇത്തരം തട്ടിപ്പുകളില്‍ പെടുന്നതിന് മുഖ്യ കാരണം പണത്തോടുള്ള ആര്‍ത്തിയാണ്. സാമാന്യബുദ്ധി ഉപയോഗിക്കാത്തവരും കെണിയില്‍ വീഴും. വാട്ട്സാപ്പ്, ഇമെയില്‍ എന്നിവയിലൂടെ വരുന്ന അറിയാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്. - ഡോ. വി.കെ. വിജയകുമാര്‍ (ജിയോജിത് ഇന്‍വെസ്റ്റ്മെന്റ്സിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)