
തിരുവനന്തപുരം: നിലമേൽ വേക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ സ്‌കൂളിന് ഗുരുതര വീഴ്‌ചയുണ്ടായെന്ന് മോട്ടോർ വാഹന വകുപ്പ്. അപകടത്തിൽപ്പെട്ട ബസിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കും. ബസ് ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന വിവരമുണ്ട്.
ബസിന്റെ അറ്റകുറ്റപ്പണികൾ അടക്കം നടത്തുന്നതിൽ സ്‌കൂളിന്റെ ഭാഗത്തുനിന്ന് അലംഭാവമുണ്ടായെന്ന് എംവിഡി പറയുന്നു. ആർടിഒയ്ക്ക് മുന്നിൽ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് സ്‌കൂൾ അധികൃതർക്ക് നിർദേശം നൽകിയിരിക്കുകയാണ്.
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. കയറ്റത്തിൽ നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. മരത്തിൽ തട്ടിനിന്നതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. അപകടത്തിൽ 22 വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു. കിളിമാനൂർ പാപ്പാല വിദ്യാജ്യോതി എൽപി സ്‌കൂളിലെ ബസാണ് മറിഞ്ഞത്. പരിക്കേറ്റ വിദ്യാർത്ഥികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പാരിപ്പളളി മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ആരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല.