
തിരുവനന്തപുരം: ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ ജയിൽ ഉദ്യോഗസ്ഥർ ക്രൂരമായി മർദിച്ചെന്ന് പരാതി. പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ മുൻ ജീവനക്കാരനായ തടവുകാരൻ ബിജു അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഐസിയുവിലാണ്. സഹപ്രവർത്തകയെ ഉപദ്രവിച്ചെന്ന കേസിലാണ് പത്തനംതിട്ട സ്വദേശി ബിജു അറസ്റ്റിലായത്.
നിലവിൽ വെന്റിലേറ്റർ സഹായത്തോടെയാണ് ബിജുവിന്റെ ജീവൻ നിലനിർത്തുന്നത്. ഇക്കഴിഞ്ഞ 12-ാം തീയതിയാണ് സഹപ്രവർത്തകയെ ആക്രമിച്ചെന്ന കേസിൽ താൽക്കാലിക ജീവനക്കാരനായിരുന്ന ബിജുവിനെ പേരൂർക്കട പൊലീസ് അറസ്റ്റ് ചെയ്‌തത് റിമാൻഡ് ചെയ്‌തത്. റിമാൻഡ് ചെയ്യുമ്പോൾ ബിജു ചില മാനസിക പ്രശ്‌നങ്ങൾ കാട്ടിയിരുന്നു. അതിനാൽ ഇയാൾക്ക് ചികിത്സ നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
പിന്നീട് 13-ാം തീയതി വൈകിട്ടാണ് ജില്ലാ ജയിലിലെ ഓടയിൽ ഇയാളെ അബോധാവസ്ഥയിൽ കണ്ടെന്ന പേരിൽ ജയിൽ ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിച്ചത്. സ്‌കാൻ ചെയ്‌ത് നോക്കിയപ്പോൾ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. ഉടൻതന്നെ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയ ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
എന്നാൽ, മർദിച്ചെന്ന ആരോപണം ജയിൽ ഉദ്യോഗസ്ഥർ നിഷേധിക്കുകയാണ്. 12-ാം തീയതി തന്നെ കോടതി നിർദേശപ്രകാരം ജനറൽ ആശുപത്രിയിലെത്തിച്ചു. പിറ്റേദിവസം മെഡിക്കൽ കോളേജിലെത്തിച്ച് സ്‌കാൻ ചെയ്‌തപ്പോഴാണ് ആന്തരികാവയവങ്ങൾക്ക് പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയത്. ജയിൽ ഉദ്യോഗസ്ഥരാരും മർദിച്ചിട്ടില്ല. ബിജു ജയിലിലുണ്ടായിരുന്നപ്പോഴുള്ള എല്ലാ സിസിടിവി ദൃശ്യങ്ങളുമുണ്ട്. മാനസിക പ്രശ്‌നമുള്ള പ്രതി ഡോക്‌ടർമാരോട് എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.