nemom-shajeer

തിരുവനന്തപുരം: നിയമസഭയിൽ എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. പാർട്ടി സസ്‌പെൻഷൻ നടപടി സ്വീകരിച്ച ഒരാൾക്കൊപ്പം പോയത് തെറ്റായ സന്ദേശം നൽകിയെന്നാണ് പരാതി. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്, അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർക്കാണ് പരാതി നൽകുക. ഷജീറിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുക.

പാർട്ടി നടപടിയെടുത്തതോടെ സഭാസമ്മേളനത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന് കരുതിയ പ്രതിപക്ഷ നേതാവിനെയും പാർട്ടി നേതൃത്വത്തെയും അമ്പരപ്പിച്ചാണ്, ഇന്നലെ രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തിയത്. നേമം ഷജീർ, സംസ്ഥാന സെക്രട്ടറി റെനോ പി.രാജൻ, സഹായി ഫസൽ എന്നിവരെയും കൂട്ടിയാണ് രാഹുൽ എത്തിയത്. ഇത് പാർട്ടിയുടെ പിന്തുണയോടെയാണ് രാഹുൽ നിയമസഭയിലേക്ക് എത്തിയതെന്ന വ്യാഖ്യാനമുണ്ടാക്കി. ഷജീറിനെതിരെ നടപടിയുണ്ടാകുമോ എന്ന ചോദ്യത്തിന് കെപിസിസി അദ്ധ്യക്ഷൻ മറുപടി നൽകിയിട്ടില്ല.

അതേസമയം, പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്യുകയും, പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കാട്ടി സ്പീക്കർക്ക് കത്തു നൽകുകയും ചെയ്തിട്ടും രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ നിയമസഭയിലെത്തിയത് പ്രതിപക്ഷത്തിന് വലിയ അടിയായി. രാഹുൽ വിഷയത്തിൽ കോൺഗ്രസിലെ ഭിന്നതയാണ് മറ നീക്കിയത്. ഇക്കാര്യത്തിൽ കരുതലോടെയുള്ള നീക്കങ്ങളിലാണ് ഭരണപക്ഷവും. സഭയിൽ രാഹുലിനെതിരെ ആക്രമണം നടത്തിയാൽ അവർക്കും പരിക്കേൽക്കും.

രാഹുലിന്റെ നടപടിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന് കടുത്ത അമർഷമുണ്ടെന്നാണ് സൂചന. സതീശന്റെ നിലപാടിനൊപ്പം കോൺഗ്രസ് ഒറ്റക്കെട്ടായി ഇല്ലെന്നും വ്യക്തമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം കെപിസിസി ഭാരവാഹികളുടെയും ഡിസിസി അദ്ധ്യക്ഷന്മാരുടെയും സംയുക്ത യോഗം നടന്നെങ്കിലും രാഹുൽ വിഷയം ചർച്ചയായില്ല. സഭയിൽ ഇന്നലെ ചരമോപചാരം മാത്രമാണുണ്ടായിരുന്നത്. സഭ ചേരുന്ന ഇനിയുള്ള 11 ദിവസങ്ങളിൽ രാഹുൽ സഭയിൽ എത്താതെയുമിരിക്കാം. 60 ദിവസം വരെ ഒരംഗത്തിന് അവധി അപേക്ഷയില്ലാതെ സഭയിൽ ഹാജരാവാതിരിക്കാം. തുടർ ദിവസങ്ങളിൽ രാഹുൽ എത്തുമോയെന്ന് വ്യക്തമല്ല.