
ഫുട്‌ബോൾ മത്സരങ്ങൾ സ്ഥിരമായി കാണുന്നവരാണോ നിങ്ങൾ? എങ്കിൽ മത്സരങ്ങൾക്ക് ശേഷം ജഴ്സി ഊരിമാറ്റുന്ന താരങ്ങൾ സ്‌പോർട്സ് ബ്രാ പോലെ തോന്നിപ്പിക്കുന്ന ഒന്ന് അടിയിൽ ധരിച്ചത് ശ്രദ്ധിച്ചിട്ടുണ്ടാകും. പലപ്പോഴും മത്സരത്തിന് ശേഷമായിരിക്കും ഇത് കാണികൾ ശ്രദ്ധിക്കുക. ഇത് സ്ത്രീകൾ ധരിക്കുന്ന സ്‌പോർട്സ് ബ്രാ ആണോ എന്ന തരത്തിൽ സംശയം ഉയർന്നിരുന്നു.
ഫുട്‌ബോളിനെ കൃത്യമായി പിന്തുടരുന്നവർക്ക് ഇതൊരു പുതിയ കാര്യമായിരിക്കില്ല. എന്നാൽ ചിലർക്കും ഇപ്പോഴും ഇതേക്കുറിച്ച് സംശയം നിൽനിൽക്കുന്നുണ്ട്. എന്തിന് വേണ്ടിയാണ് ഫുട്‌ബോൾ താരങ്ങൾ മത്സരത്തിനിടെ ഈ വസ്ത്രം ധരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയാമോ?
ഫുട്‌ബോൾ താരങ്ങൾ ധരിക്കുന്ന സ്‌പോർട്സ് ബ്രാ ഒരു ജിപിഎസ് ട്രാക്കറാണ്. ജേഴ്സിക്ക് അടിയിലായാണ് ഇത് ധരിക്കുന്നത്. താരങ്ങളുടെ കളത്തിലെ വ്യക്തിഗത മികവ് അളക്കുന്നതിന് വേണ്ടിയാണ് ഇത് ഉപയോഗിക്കുന്നത്. ഈ ജിപിഎസ് ട്രാക്കറിൽ നിന്നും ലഭിക്കുന്ന ഡാറ്റ വിശകലനം ചെയ്യും. വെസ്റ്റിന്റെ പിൻവശത്തുള്ള അറയിലാണ് ഈ ജിപിഎസ് ട്രാക്കർ ഘടിപ്പിക്കുന്നത്. പരിശീലകർക്ക് ഉപയോഗപ്രദമായ വിവരങ്ങൾ കൂടിയാണ് ഇതുവഴി ലഭിക്കുന്നത്. അടുത്ത മത്സരത്തിനായി കളിക്കാരെ മികച്ചതാക്കാനോ വിജയം ഉറപ്പാക്കാൻ മികച്ച പദ്ധതി തയ്യാറാക്കാനോ ഈ ഡാറ്റ പരിശീലകരെ സഹായിക്കും.