v

യാത്രയ്ക്കായി കൂടുതൽപേരും ആശ്രയിക്കുന്നത് റെയിൽവേയാണ്. മിതമായ നിരക്കും സുരക്ഷയും മുന്നിൽകണ്ടാണ് കൂടുതൽപേരും ട്രെയിൻ യാത്രകൾ തിരഞ്ഞെടുക്കുന്നത്. ഇപ്പോഴിതാ ഓടിക്കൊണ്ടിരുന്ന ഒരു ട്രെയിനിൽ സംഭവിച്ച കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്രെയിനിന്റെ പേരോ ഏത് സ്ഥലത്തേക്കാണ് പോകുന്നതെന്ന കാര്യമോ പോസ്​റ്റിൽ വെളിപ്പെടുത്തിയിട്ടില്ല.

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ ഒരു കോച്ചിൽ പരിശോധനയ്‌ക്കെത്തിയ ടിടിഇ ആണ് ശുചിമുറിയുടെ കാര്യം ശ്രദ്ധിച്ചത്. ആറ് മണിക്കൂർ നേരമായിട്ട് ശുചിമുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വാതിലിൽ തട്ടിയപ്പോഴും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല. ഉളളിൽ ആരോ ഉണ്ടായിരുന്നതായി ടിടിഇക്കും മ​റ്റുളളവർക്കും ഉറപ്പായതോടെയാണ് വാതിൽ ബലം പ്രയോഗിച്ച് തുറക്കാൻ ശ്രമിച്ചത്. യാത്രക്കാരെ അതിശയിപ്പിക്കുന്ന തരത്തിലുളള സംഭവമായിരുന്നു ശുചിമുറിക്കുളളിലുണ്ടായിരുന്നത്.

പുറത്തുവന്ന വീഡിയോയിൽ ശുചിമുറിക്ക് മുന്നിൽ ആകാംഷയോടെ യാത്രക്കാർ നിൽക്കുന്നത് കാണാം. ചിലർ വാതിലിൽ നിരന്തരമായി തട്ടുന്നുണ്ട്. ഇതോടെ ചില യാത്രക്കാർ പരിഭ്രാന്തിയിലായി. ശുചിമുറിക്കുളളിൽ ആരെങ്കിലും ആത്മഹത്യ ചെയ്‌തോയെന്നായിരുന്നു പലരുടെയും ആകുലത. സമയം ഒരുപാട് കഴിഞ്ഞിട്ടും വാതിൽ തുറക്കാൻ സാധിക്കാതെ വന്നതോടെ കൂടുതൽ ജീവനക്കാരെത്തി വാതിൽ ബലം പ്രയോഗിച്ച് തുറക്കുകയായിരുന്നു. വാതിൽ തുറന്നതോടെ എല്ലാവരും ഞെട്ടിപ്പോയി.

ശുചിമുറിയിൽ മദ്യപിച്ചുകൊണ്ടിരുന്ന യുവാവിനെയാണ് യാത്രക്കാർ കണ്ടത്. ആരെങ്കിലും പരിശോധന നടത്താൻവന്നാൽ പിടിക്കപ്പെടാതിരിക്കാനാണ് ശുചിമുറിയിൽ കയറി വാതിൽ അടച്ചതെന്നാണ് യുവാവ് യാത്രക്കാരോട് പറഞ്ഞത്. ഈ വീഡിയോയ്ക്ക് പലതരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചത്. ശുചിമുറിക്കുളളിൽ രണ്ടുപേർ ഉണ്ടാകുമെന്നാണ് ആദ്യം പ്രതീക്ഷിച്ചതെന്ന് ഒരാൾ തമാശ രൂപേണ കമന്റ് ചെയ്തു. മ​റ്റൊരാളാകട്ടെ ഗൗരവതരമായ പ്രശ്നമായിരിക്കുമെന്നാണ് കരുതിയതെന്നും പറഞ്ഞു.