bear

കൽപ്പറ്റ: ജനവാസ മേഖലയിൽ കരടിയിറങ്ങി. വയനാട് ഈസ്റ്റ് ചീരാലിൽ കളന്നൂർകുന്നിൽ പട്ടംചിറ വിശ്വനാഥന്റെ വീട്ടുവളപ്പിൽ ഇന്നലെ അ‌ർദ്ധരാത്രിയോടെയാണ് സംഭവം. വീട്ടുവളപ്പിലെ പ്ലാവിൽ നിന്ന് ചക്ക പറിച്ച് നിലത്തിട്ട ശേഷം നിലത്തിരുന്ന് അത് പൊളിച്ച് തിന്നുന്ന കരടിയുടെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. കരടി ഓരോ ചുളകളായി കടിച്ച് തിന്നുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വീട്ടുകാർ ബഹളം വച്ചതോടെ കരടി സ്ഥലത്ത് നിന്നും പോയെങ്കിലും വീണ്ടുമെത്തി. തുടർന്ന് വീട്ടുകാർ വീണ്ടും ബഹളം വച്ച് കരടിയെ ഓടിച്ചു. വനപ്രദേശത്തിന് സമീപമുള്ള സ്ഥലമാണിത്. ചക്ക തേടി വീണ്ടും കരടിയെത്തുന്നത് ഒഴിവാക്കാനായി പ്ലാവിൽ ബാക്കിയുണ്ടായിരുന്ന ചക്ക മുഴുവൻ വീട്ടുകാർ മുറിച്ചുമാറ്റി.

ചീരാലിനടുത്ത് നമ്പ്യാർകുന്നിൽ അടുത്തിടെ പുലിയുടെ സാന്നിദ്ധ്യം പതിവായി ഉണ്ടായിരുന്നു. ഇതിനെ പിടികൂടാനായി കൂടുവച്ചെങ്കിലും വിജയിച്ചില്ല. ഇതിന് പിന്നാലെയാണ് കരടിയും സ്ഥലത്തെത്തുന്നത്. തുടർച്ചയായി വന്യമൃഗങ്ങൾ എത്തുന്നതിന്റെ ആശങ്കയിലാണ് പ്രദേശവാസികൾ. കരടിയെ പിടികൂടാൻ വനംവകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.