
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് ഡൽഹി ഹൈക്കോടതി വീണ്ടും മാറ്റി. അടുത്ത മാസം 28,29 തീയതികളിൽ ഉച്ചയ്ക്ക് മൂന്നരയ്ക്ക് വാദം കേൾക്കുമെന്നും കോടതി അറിയിച്ചു. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് ഹർജി ഇന്ന് ലിസ്റ്റ് ചെയ്തത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
കേസ് പരിഗണനയ്ക്ക് എത്തിയിട്ടും പലപ്പോഴും മാറ്റിവയ്ക്കുന്ന സാഹചര്യമാണെന്നും അതിനാൽ വാദം വേഗം കേട്ട് തീരുമാനം എടുക്കണമെന്നും എസ്എഫ്ഐഒ കോടതിയോട് ആപേക്ഷിച്ചിരുന്നു. നേരത്തെ കേസ് പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ച് വിചാരണക്കോടതിയിലെ നടപടികളുമായി മുന്നോട്ടുപോകരുതെന്ന് നിർദ്ദേശിച്ചിരുന്നു. നിലവിലെ ഹർജിയിൽ ഹൈക്കോടതി തീരുമാനം എടുക്കുന്നതുവരെ തുടർനടപടികൾ പാടില്ലെന്നാണ് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത് മനഃപൂർവ്വം ഉണ്ടായ വീഴ്ചയല്ലെന്ന് എസ്എഫ്ഐഒയ്ക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസ്റ്റര്‍ ജനറൽ ഹൈക്കോടതിയെ അറിയിച്ചു.
സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് വീണാ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയത്. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം നൽകിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.