
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സംവിധായകനായി ജോമോൻ അരങ്ങേറ്റം കുറിച്ച സാമ്രാജ്യം എന്ന ചിത്രത്തിന്രെ ഫോർ കെ പതിപ്പ് റീ റിലീസ് ഒക്ടോബറിലേക്ക് മാറ്റി. മറ്റന്നാൾ റിലീസ് തീരുമാനിച്ച ചിത്രത്തിന്റെ , റീമാസ്റ്ററിംഗ് ജോലികൾ പൂർത്തിയാകാൻ വൈകുന്നതാണ് റിലീസ് മാറ്റത്തിന് കാരണം. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് റീമാസ്റ്റർ പതിപ്പിന്റെ ടീസർ പുറത്തിറക്കിയത് . ഫോർ കെ ഡോൾബി അറ്റ്മോസിൽ ആണ് ചിത്രം റീ മാസ്റ്റർ ചെയ്യുന്നത്.1990ൽ റിലീസ് ചെയ്ത ചിത്രം സൂപ്പർ ഹിറ്റായിരുന്നു. സ്റ്റൈലിഷും കണ്ണഞ്ചിപ്പിക്കുന്നതുമായ ദൃശ്യങ്ങൾ കൊണ്ട് പ്രേക്ഷകരെ കയ്യിലെടുത്ത ചിത്രം ബെൻസ് കാറുകളും മറ്റും യഥേഷ്ടം ഉപയോഗിച്ചു വമ്പൻ കാൻവാസിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. മധു, ക്യാപ്ടൻ രാജു, അശോകൻ, വിജയരാഘവൻ, ശ്രീവിദ്യ, സോണിയ, സത്താർ, ജഗന്നാഥ വർമ്മ, സാദിഖ്, സി ഐ പോൾ, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ, ജഗന്നാഥൻ, ഭീമൻ രഘു, പൊന്നമ്പലം, വിഷ്ണുകാന്ത്, തപസ്യ എന്നിവരാണ് മറ്റു താരങ്ങൾ.രചന ഷിബു ചക്രവർത്തി, ഗാനങ്ങൾ ഇല്ലാതെ, ഇളയരാജ പശ്ചാത്തല സംഗീതം മാത്രം നൽകിയ ചിത്രമെന്ന പ്രത്യേകതയുമുണ്ട്.ജയാനൻ വിൻസെന്റ് കാമറ ചലിപ്പിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചത് കെ .പി ഹരിഹരപുത്രൻ ആണ്.
ആരിഫ പ്രൊഡക്ഷൻസിന്റെ ബാനറിൽ അജ്മൽ ഹസൻ ആണ് നിർമ്മാണം. വിതരണം ആരിഫ റിലീസ് .