abdul-raseek

റിയാദ്: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ബസുകൾ കൂട്ടിയിടിച്ച് വൻ അപകടം. അപകടത്തിൽ മംഗളൂരു സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മംഗളൂരു ഉള്ളാൾ സ്വദേശി അബ്ദുൽ റാസിഖ് (25) ആണ് മരിച്ചത്. കിംഗ് ഫഹദ് പാതയിൽ തൊഴിലാളികളുമായ വന്ന ബസുകളാണ് അപകടത്തിൽപ്പെട്ടത്.

ജുബൈലിലെ ഒരു കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്യുകയായിരുന്നു അബ്ദുൽ റാസിഖ്. പിതാവ്: മുഹമ്മദ്, മാതാവ്: അതിജാമ്മ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. ഔദ്യോഗിക നടപടികൾ പൂർത്തിയായ ശേഷം സൗദിയിൽ തന്നെ ഖബറടക്കും.

29ഓളം യാത്രക്കാരാണ് രണ്ടു ബസുകളിലുമായി ഉണ്ടായിരുന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് കാർതിഷ് ഓടിച്ചിരുന്ന കാറും ഇതിനിടെ അപകടത്തിൽ പെട്ടു. പാകിസ്ഥാൻ സ്വദേശികളാണ് ബസുകൾ ഓടിച്ചിരുന്നത്. മുഹമ്മദ് ഫഖ്‌റുദ്ധീൻ സിദ്ദിഖി, പ്രിൻസ് അലോയ് എസസ് (ഇന്ത്യ), ഫൈസൽ മെഹ്ബൂബ് അലി (പാക്കിസ്ഥാൻ), കമൽ കിഷോർ യാദവ് (നേപ്പാൾ) എന്നിവർ അടക്കം എട്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ അൽ മന ആശുപത്രിയിൽ ചികിത്സയിലാണ്.