a

 ഗാസ സിറ്റി വിടണമെന്ന് മുന്നറിയിപ്പ്

 പരക്കം പാഞ്ഞ് ജനം

ഗാസ: ഗാസ പിടിച്ചെടുക്കാൻ കരയാക്രമണം വ്യാപിപ്പിച്ച് ഇസ്രയേൽ. ഓപ്പറേഷൻ 'ഗിദയോൻ ചാരിയറ്റ്സ് 2' എന്ന പേരിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ പ്രതിരോധ സേനഅറിയിച്ചു. ഇന്നലെ മാത്രം ഇസ്രയേൽ ആക്രമണത്തിൽ ഗാസയിൽ 90 പേർ കൊല്ലപ്പെട്ടു.

ഗാസയിൽ നിർണായക സൈനിക നടപടി തുടങ്ങിയതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഗാസ സിറ്റിയിൽ വിപുലമായ സൈനിക നടപടി ആരംഭിച്ചതായും പ്രദേശവാസികൾ ഉടൻ പ്രദേശം വിട്ടുപോകണമെന്നും സൈന്യം മുന്നറിയിപ്പ് നൽകിയതോടെ ജനം പരക്കം പാഞ്ഞു.

ഇന്നലെ വ്യോമാക്രമണത്തിൽ ഇസ്രയേൽ നിരവധി കെട്ടിടങ്ങൾ തകർത്തു. മണിക്കൂറുകളോളം നീണ്ട ആക്രമണത്തിന് ശേഷം കരയുദ്ധം ആരംഭിക്കുകയായിരുന്നു. ടാങ്കുകൾ ഗാസ സിറ്റിയിൽ പ്രവേശിച്ചു. സൈനികർ നേരിട്ടെത്തി വെടിവയ്പ് നടത്തിയെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗാസ കത്തിയെരിക്കുമെന്ന് പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് നേരത്തേ പറഞ്ഞിരുന്നു. പിന്നാലെയാണ് ശക്തമായ കരയാക്രമണം ആരംഭിച്ചത്. അതിനിടെ ഹമാസ് ബന്ദികളാക്കിയിരിക്കുന്ന ഇസ്രയേൽ പൗരന്മാരുടെ കുടുംബം നെതന്യാഹുവിന്റെ വസതിക്കു മുമ്പിലെത്തി സൈനിക നടപടി പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. അതേസമയം ഗാസയിലെ ജനങ്ങൾക്ക് നേരെയല്ല ഹമാസിന് നേരെയാണ് തങ്ങളുടെ പോരാട്ടമെന്ന് ഇസ്രയേൽ വ്യക്തമാക്കി. സൈന്യം അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും പറഞ്ഞു.

റൂ​ബി​യോ-നെ​ത​ന്യാ​ഹു കൂടിക്കാഴ്ച

അ​തി​നി​ടെ യു.​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മാ​ർ​കോ റൂ​ബി​യോ ഇ​സ്രയേ​ലി​ലെ​ത്തി പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ യുദ്ധം അവസാനിക്കുന്നതിനെ ബാധിക്കുമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു. ഹമാസിനെ കീഴ്പ്പെടുത്തി ബന്ദികളെ മോചിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

ഗാസയിലേത്

വംശഹത്യ: യു.എൻ

​ഗാസയിൽ ഇസ്രയേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ (യു.എൻ)​ നിയോഗിച്ച അന്വേഷണ കമ്മിഷൻ. 2023ൽ യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രയേൽ നടത്തിയെന്ന് റിപ്പോർട്ടിൽ പറയുന്നു. ഒരുവിഭാ​ഗത്തെ ഉന്മൂലനം ചെയ്യുക,ശാരീരികവും മാനസികവുമായി ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാ​ഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിടുക തുടങ്ങിയ നടപടികൾ ഇസ്രയേലിന്റെ ഭാ​ഗത്തുനിന്നുണ്ടായെന്നും വ്യക്തമാക്കുന്നു.

യെമൻ തുറമുഖവും

യെമനിലെ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖവും ഇസ്രയേൽ ആക്രമിച്ചു. നിരവധി യെമൻ പൗരൻമാർ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. വരും മണിക്കൂറുകളിൽ ആക്രമണമുണ്ടാവുമെന്നും അതിനാൽ തുറമുഖത്തുള്ള ആളുകളും കപ്പലുകളും ഒഴിഞ്ഞുപോകണമെന്നും ഇസ്രയേൽ പ്രതിരോധസേന മുന്നറിയിപ്പ് നൽകിയിരുന്നു.