
കൊച്ചി: സെപ്തംബർ 22 മുതൽ പുതിയ ജി.എസ്.ടി നിരക്കുകൾ പ്രാബല്യത്തിലാകുന്നതോടെ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കൈമാറാൻ ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഉത്പന്ന(എഫ്.എം.സി.ജി) കമ്പനികൾ സാധനങ്ങളുടെ വില കുറയ്ക്കുന്നു. മദർ ഡയറി, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ തുടങ്ങിയ പ്രമുഖ കമ്പനികളെല്ലാം ഉത്പന്നങ്ങളുടെ പുതുക്കിയ വില പ്രഖ്യാപിച്ചു. ചില സ്ഥാപനങ്ങൾ ഉത്പന്ന വില കുറയ്ക്കുന്നതിന് പകരം അളവ് കൂട്ടി ജി.എസ്.ടി ഇളവിന്റെ നേട്ടം ഉപഭോക്താക്കൾക്ക് കൈമാറും. നെയ്യ്, വെണ്ണ, പാലുത്പന്നങ്ങൾ, പായ്ക്കറ്റ് ഭക്ഷണങ്ങൾ, ഐസ്ക്രീം, സോപ്പ്, ഷാംപൂ തുടങ്ങി അറുപതിലധികം ഉത്പന്നങ്ങളുടെ വില കുറയുന്നതിനാണ് സാഹചര്യമൊരുങ്ങുന്നത്. പല ഉത്പന്നങ്ങളുടെയും ജി.എസ്.ടി 12ൽ നിന്ന് അഞ്ച് ശതമാനമായും 28ൽ നിന്ന് 18 ശതമാനമായും അടുത്ത ആഴ്ച മുതൽ കുറയും.