
ഏറെ ജനകീയമാണെങ്കിലും ഇന്ത്യൻ വിപണി കീഴടക്കിയ ചില കമ്പനികളുടെ വാഹനങ്ങൾ പപ്പടം പോലെ പൊടിയും എന്ന് പരാതിയും പരിഹാസവും പലപ്പോഴും കേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ തങ്ങളുടെ പുതിയ മോഡൽ കാറുകൾക്ക് ഇന്ത്യൻ കാർ വിപണിയിലെ പല കമ്പനികളും ആറ് എയർബാഗും ഫൈവ് സ്റ്റാർ ക്രാഷ് റേറ്റിംഗും എല്ലാം നേടുന്നതിന് മികച്ച പരിഷ്‌കാരങ്ങൾ വരുത്തിക്കഴിഞ്ഞു. മാരുതി അടുത്തിടെ പുറത്തിറക്കിയ വിക്‌ടോറിസ് മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റ് അടക്കിവാഴാൻ ഉള്ളതുതന്നെയാണ്.
ഇപ്പോഴിതാ വിക്‌ടോറിസ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു സന്തോഷവാർത്തയും എത്തുകയാണ്. ഗ്ളോബൽ എൻസിഎപി ക്രാഷ് ടെസ്‌റ്റിൽ ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗാണ് ഇത് സ്വന്തമാക്കിയത്. ഭാരത് എൻസിഎപി ക്രാഷ് ടെസ്‌റ്റിംഗിലും ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് വിക്‌ടോറിസ് നേടിയിരുന്നു. ഈ സെഗ്‌മെന്റിൽ ഒരു കാർ നോക്കുന്നവർക്ക് വിക്‌ടോറിസ് ഡബിൾ ഓക്കെയെന്ന് അർത്ഥം.
മുതിർന്നവരുടെ സുരക്ഷ നോക്കിയാൽ 34ൽ 33.72 പോയിന്റും, കുട്ടികളുടെ സുരക്ഷയിൽ 49 പോയിന്റിൽ 41ഉം വിക്‌ടോറിസ് നേടിക്കഴിഞ്ഞു. നേർക്കുനേർ സുരക്ഷ പരിശോധിക്കുന്ന ഫ്രണ്ടൽ ഓഫ്‌സെറ്റ് ഡിഫോർമബിൾ ബാരിയർ ടെസ്‌റ്റിൽ ഡ്രൈവർക്ക് മികച്ച സുരക്ഷ തന്നെ നൽകും. വശങ്ങളിൽ നിന്നുള്ള സുരക്ഷ നോക്കിയാൽ സൈഡ് പോൾ ഇംപാക്‌ട് ടെസ്‌റ്റിലും സൈഡ് മൂവബിൾ ഡിഫോർമബിൾ ബാരിയർ ടെസ്‌റ്റിലും ഡ്രൈവർക്ക് നല്ല സുരക്ഷ ഈ മിഡ് സൈസ് എസ്‌യുവി നൽകുന്നുണ്ട്.
ആറ് എയർബാഗുകളും ഇലക്‌ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രോളും ഹിൽ ഹോൾഡ് അസിസ്റ്റും ISOFIX ചൈൽഡ് സീറ്റ് ആങ്കറുകളും മൂന്ന് പോയിന്റ് സീറ്റുബെൽറ്റുകൾ ഓർമ്മപ്പെടുത്തലും ഇബിഡിയുള്ള എബിഎസും അങ്ങനെ നിരവധി പ്രത്യേകതകളുണ്ട്. 27 വകഭേദങ്ങൾ വിക്‌ടോറിസിനുണ്ട്. 10 കളർ ഓപ്‌ഷനുമുണ്ട്. ഏഴെണ്ണം മോണോ ടോൺ കളർ ഓപ്‌ഷനും മൂന്നെണ്ണം ഡ്യുവൽ ടോൺ കളർ ഓപ്‌ഷനുമാണ്. മൂന്ന് എഞ്ചിൻ ഓപ്‌ഷനുകളാണുള്ളത്. ഫൈവ്സീറ്റർ എസ്‌യുവിയുടെ മാനുവൽ വേരിയന്റിന് കമ്പനി 21.18 കിലോമീറ്റർ മൈലേജ് അവകാശപ്പെടുന്നു. ഓട്ടോമാറ്റിക്കിന് 21.06 ആണ് മൈലേജ്. ഓൾ വീൽ ഡ്രൈവ് വേരിയന്റ് 19.07ആണ് മൈലേജ് നൽകുക. എന്നാൽ സിഎൻജി വേരിയന്റിന് കിലോഗ്രാമിന് 27.02 മൈലേജ് ലഭിക്കും. നിലവിൽ മാരുതിയുടെ ഗ്രാൻഡ് വിറ്റാരയ്‌ക്ക് 4345 മില്ലിമീറ്റർ നീളമുണ്ടെങ്കിൽ വിക്ടോറിസിന് അൽപം വലിപ്പം കൂടും 4360 ആണ് നീളം.