sabha

തിരുവനന്തപുരം: അമീബിക് മസ്‌തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയ്‌ക്ക് സഭയിൽ അനുമതി. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പൊതുജനങ്ങളുടെ സംശയം തീർക്കാനായി ചർച്ചയ്‌ക്ക് തയ്യാറെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞത്. ഉച്ചയ്‌ക്ക് 12 മണി മുതൽ രണ്ട് മണിക്കൂറാണ് ചർച്ച. ഇതോടെ തുടർച്ചയായി രണ്ടാം ദിനവും സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കുകയാണ്. പൊലീസ് മർദനത്തെക്കുറിച്ചായിരുന്നു ഇന്നലത്തെ ചർച്ച.

സഭാ നടപടികൾ നിർത്തിവച്ചാണ് ചർച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. രോഗബാധ തടയാനാകാത്തത് ആരോഗ്യവകുപ്പിന്റെ വീഴ്‌ചയാണെന്ന് പ്രതിപക്ഷം വിമർശിച്ചു. ലോകരാജ്യങ്ങളിൽ അപൂർവമായി മാത്രം റിപ്പോർട്ട് ചെയ്യപ്പെടുന്ന രോഗമാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം. കേരളത്തിലിത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിരവധി ആളുകൾ മരിക്കുന്നു. എന്നാൽ, രോഗകാരണം ഇതുവരെ കണ്ടെത്താനായില്ല. ആദ്യം ആരോഗ്യവകുപ്പ് ശരിയായ കണക്കുകൾ പുറത്തുവിട്ടിരുന്നില്ല. പിന്നീടാണ് രോഗികളുടെ എണ്ണം, മരണം എന്നിങ്ങനെയുള്ള ശരിയായ കണക്കുകൾ പുറത്തുവിട്ടത്.

രോഗവ്യാപനത്തെക്കുറിച്ച് അന്വേഷിക്കാനായി സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയമിച്ചിരുന്നു. എന്നാൽ, ഇതിന്റെ റിപ്പോർട്ടും ലഭിച്ചിട്ടില്ല. ആരോഗ്യമേഖലയിൽ പ്രശ്‌നങ്ങൾ അടിക്കടി ഉണ്ടാവുകയാണ്. പ്രതിപക്ഷം ഇതെല്ലാം ഇന്ന് സഭയിൽ അവതരിപ്പിക്കാനാണ് സാദ്ധ്യത.

സംസ്ഥാനത്ത് ഇന്നലെയും ഒരാൾക്ക് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. പാലക്കാട് സ്വദേശിയായ 29കാരനാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച രണ്ടുപേർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. മുട്ടത്തറ സ്വദേശിയായ 52 വയസുള്ള സ്ത്രീ, 91 വയസുള്ള പുരുഷൻ എന്നിവരാണ് മരിച്ചത്. നിലവിൽ ഇരുപതോളം രോഗികളാണ് അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് സംസ്ഥാനത്തുടനീളമുള്ള ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.