
ആഗ്ര: അനന്തരവനെ കൊന്ന 45കാരൻ ഒരു വർഷത്തിന് ശേഷം അറസ്റ്റിൽ. ഉത്തർപ്രദേശ് ആഗ്ര സ്വദേശിയായ ദേവിറാമാണ് അറസ്റ്റിലായത്. ദേവിറാമിന്റെ പ്രായപൂർത്തിയാകാത്ത മകളുടെ അശ്ലീല ചിത്രങ്ങൾ പകർത്തി യുവാവ് ബ്ലാക്ക് മെയിൽ ചെയ്തതിനെ തുടർന്നാണ് കൊല നടത്തിയത്.
2024 ഫെബ്രുവരി 18ന് മാൽപുര പ്രദേശത്താണ് സംഭവം നടന്നത്. രാകേഷ് സിംഗ് ആണ് കൊല്ലപ്പെട്ടത്. ഡ്രമ്മിവിട്ട് കത്തിച്ച നിലയിലായിരുന്നു മൃതദേഹം. രാകേഷിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ ഡിഎൻഎ പരിശോധനയിലൂടെയാണ് കൊല്ലപ്പെട്ടത് രാകേഷ് തന്നെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്.
ദേവിറാമിന്റെ മകൾ കുളിക്കുന്ന ദൃശ്യങ്ങൾ രാകേഷ് രഹസ്യമായി പകർത്തിയെന്നും അവ കാണിച്ച് കുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തുവെന്നും പൊലീസ് പറയുന്നു. ഇതിൽ പ്രകോപിതനായാണ് ദേവിറാമും മറ്റൊരു അനന്തരവൻ നിത്യ കിഷോറിയും ചേർന്ന് രാകേഷിനെ കൊന്നത്. ആഗ്ര - ഗ്വാളിയർ റോഡിൽ കബൂൽപുരിൽ ഹോട്ടൽ നടത്തുകയായിരുന്നു ദേവിറാം.
ഇവിടേക്ക് രാകേഷിനെ കൊണ്ടുവന്ന ശേഷം നിത്യ കിഷറിന്റെ സഹായത്തോടെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. തുടർന്ന് ഇരുവരും മൃതദേഹം പ്ലാസ്റ്റിക് ഡ്രമ്മിലിട്ട് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പെട്രോൾ ഒഴിച്ച് കത്തിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നാലെ ദേവിറാം ഡൽഹിയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഡൽഹിയിൽ ഒരു ഹോട്ടലിൽ ജോലി ചെയ്തിരുന്ന ദേവിറാമിനെ കഴിഞ്ഞദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതി നിത്യ കിഷോർ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.