explosion

ബീജിംഗ്: ഒരു അജ്ഞാത വസ്തുവിനെ ചൈനീസ് മിസൈൽ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ അടുത്തിടെയായി സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാവുകയാണ്. ഈ അജ്ഞാത വസ്തു അൺഐഡന്റിഫൈഡ് ഫ്ളയിംഗ് ഒബ്‌ജക്‌ട് (യുഎഫ്‌ഒ) അഥവാ പറക്കുംതളികയാണെന്നാണ് പലരുടെയും അവകാശവാദം. സെപ്തംബർ 12 വെള്ളിയാഴ്‌ച ചൈനയിലെ ഷാഡോംഗ് പ്രവിശ്യയിൽ വേഫാംഗ്, റിസാവോ നഗരങ്ങൾക്ക് സമീപത്തായി പ്രാദേശിക സമയം രാത്രി ഒൻപത് മണിയോടെയാണ് സംഭവം ഉണ്ടായത്. ഒരു അ‌ജ്ഞാത വസ്തു താഴ്‌ന്ന് പറക്കുന്നതും പിന്നാലെ ഒരു മിസൈൽ പതിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് പ്രദേശവാസികൾ പക‌ർത്തിയ ദൃശ്യങ്ങളിലുള്ളത്.

ഒരു ചുവന്ന തീഗോളം പോലെ തോന്നിപ്പിക്കുന്ന മിസൈൽ ഒരു വസ്തുവിനെ ഇടിക്കുന്നതും പിന്നാലെ രണ്ട് പൊട്ടിത്തെറികളുമാണ് ചൈനീസ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുള്ളത്. സ്‌ഫോ‌ടനത്തിന് പിന്നാലെ അവശിഷ്ടങ്ങൾ തറയിൽ പതിക്കുകയും ചെയ്തിരുന്നു. ഷാഡോംഗ് പ്രവിശ്യക്ക് സമീപമുള്ള ബൊഹായ് കടലിൽ ചൈന സൈനികാഭ്യാസങ്ങൾ നടത്തുന്നതിനിടെയായിരുന്നു അപ്രതീക്ഷിത സംഭവമുണ്ടായത്.

China shot down a meteor? 🤔 pic.twitter.com/F65p8hCBWs

— Good Morning UFO (@goodmorningufo) September 16, 2025

സംഭവത്തിൽ ചൈന ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്താണ് പൊട്ടിത്തെറിച്ചതെന്നോ പൊട്ടിത്തെറിക്ക് കാരണമായതെന്നോ ചൈനീസ് അധികൃതർ വിശദീകരണം നൽകിയിട്ടില്ല. ചൈനീസ് സൈന്യം ഒന്നുങ്കിൽ ഡ്രോൺ അല്ലെങ്കിൽ ഉൽക്ക അതുമല്ലെങ്കിൽ പറക്കും തളിക എന്നിവയിലൊന്നിനെയാണ് തകർത്തതെന്നാണ് പല ചർച്ചകളും മുന്നോട്ട് വയ്ക്കുന്നത്.

explosion

ഒരു സൈനിക ഡ്രോൺ മിസൈൽ ഒരു പറക്കും തളികയിൽ നിന്ന് പാഞ്ഞുചെല്ലുന്നതായുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ യുഎസ് കോൺഗ്രസ് പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് ചൈനയിൽ നിന്നുള്ള അജ്ഞാതവസ്തുവിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നത്. അജ്ഞാത വസ്തു പരിശീലനത്തിനായി ഉപയോഗിക്കുന്ന ഒരു വ്യാജ ഡ്രോൺ അല്ലെങ്കിൽ മിസൈൽ ആകാമെന്നും ബോഹായ് കടലിലെസൈനികാഭ്യാസത്തിനിടെ പട്ടാളക്കാർ അത് വെടിവച്ച് വീഴ്‌ത്തിയതാകാമെന്നുമാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്.

അജ്ഞാത വസ്തുവിന് ഉൽക്കയ്ക്ക് സമാനമായ വാൽഭാഗം ഇല്ലായിരുന്നുവെന്നും അതിനാൽ അത് ഉൽക്കയല്ലെന്നുമുള്ള വാദവും ശക്തമാണ്. ബഹിരാകാശ പാറകളുടെ ചെറിയ കഷ്ണങ്ങളായ ഉൽക്കകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വളരെ ഉയർന്ന വേഗതയിലാണ് സഞ്ചരിക്കുന്നത്. ഇത് വായുവിലൂടെ സഞ്ചരിക്കുമ്പോൾ ഘർഷണത്തിന് കാരണമാവുകയും ഉൽക്കാശിലയ്ക്ക് ചുറ്റും വൈദ്യുത ചാർജുള്ള വായുവിന്റെ തിളങ്ങുന്ന വാൽ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. മാത്രമല്ല, വീഡിയോയിലെ വസ്തു പറക്കുന്നതുപോലെ ഉൽക്കകൾ സാധാരണയായി നിലത്തിന് സമാന്തരമായി പറക്കാറില്ലെന്നും പലരും ചൂണ്ടിക്കാട്ടുന്നു.

explosion

സാധാരണയായി മണിക്കൂറിൽ 25,000 കിലോമീറ്ററിനും 160,000 കിലോമീറ്ററിനും ഇടയിൽ വേഗതയിലാണ് ഉൽക്ക സഞ്ചരിക്കുന്നതെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൈനീസ് മിസൈൽ തകർത്തത് ഉൽക്ക ആണെങ്കിൽ ഇത്രയും വേഗത്തിൽ ചലിക്കുന്ന ഒരു വസ്തുവിനെ തടയാനുള്ള ചൈനയുടെ കഴിവ് സൈനിക പ്രതിരോധ സാങ്കേതികവിദ്യയിൽ ഒരു വലിയ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുമെന്നും അഭിപ്രായമുയരുന്നു.