
പാറ്റ്ന: കോൺഗ്രസ് പ്രചരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അദ്ദേഹത്തിന്റെ അമ്മ ഹീരാബന്നിന്റെയും എഐ നിർമ്മിത വീഡിയോ നീക്കം ചെയ്യാൻ ഹൈക്കോടതി നിർദ്ദേശം. കോൺഗ്രസ് പാർട്ടിയുടെ ബീഹാർ ഘടകത്തോടാണ് പാറ്റ്ന ഹൈക്കോടതിയുടെ നിർദ്ദേശം. എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നും വീഡിയോ നീക്കം ചെയ്യാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് പി ബി ബജന്ത്രി കോൺഗ്രസിന് നിർദ്ദേശം നൽകി.
ബീഹാർ കോൺഗ്രസ് യൂണിറ്റ് സെപ്തംബർ 10ന് ആണ് 36 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ പോസ്റ്റ് ചെയ്തത്. സ്വപ്നത്തിൽ എത്തി അമ്മ ഹീരാബെൻ നരേന്ദ്ര മോദിയെ വഴക്കു പറയുന്നതായിരുന്നു വീഡിയോയിൽ. ബിഹാർ കോൺഗ്രസ് 'സാഹിബിന്റെ സ്വപ്നത്തിൽ അമ്മ പ്രത്യക്ഷപ്പെടുന്നു' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. എന്നാൽ വീഡിയോ വലിയ വിവാദത്തിന് കാരണമായി. വീഡിയോ പിൻവലിച്ച് മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ബിജപി അറിയിച്ചത്. എന്നാൽ മോദിയുടെ അമ്മയെ അപമാനിക്കുന്ന ഒന്നും വീഡിയോയിൽ ഇല്ലെന്നാണ് കോൺഗ്രസ് വാദിച്ചത്.
പിന്നാലെ ബിജെപി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബിജെപി ഡൽഹി ഇലക്ഷൻ സെൽ കൺവീനർ സങ്കേത് ഗുപ്ത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഡൽഹി പൊലീസ് കോൺഗ്രസിനും ഐടി സെല്ലിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. നോർത്ത് അവന്യൂ പൊലീസ് സ്റ്റേഷനിൽ സമർപ്പിച്ച പരാതിയിൽ, ദൃശ്യങ്ങൾ അപകീർത്തികരമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മയുടെ അന്തസ്സിനെയും മാതൃത്വത്തെയും വ്രണപ്പെടുത്തുന്നതാണെന്നും അവകാശപ്പെട്ടു.
കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അമ്മയും രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. നേരത്തെ ദർഭംഗയിൽ കോൺഗ്രസും ആർജെഡിയും നയിച്ച 'വോട്ടർ അധികാർ യാത്ര'യിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഹീരാബെൻ മോദിക്കും നേരെ അസഭ്യ വാക്കുകൾ മുഴക്കിയതായി ആരോപണമുണ്ടായിരുന്നു.