
ഇടുക്കി: ചിത്തിരപുരത്ത് കെട്ടിടനിർമാണത്തിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ആനച്ചാൽ, ബൈസൻവാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. രാജീവൻ, ബെന്നി എന്നിവരാണ് മരിച്ചത്.
മൂന്നാർ ചിത്തിരപുരത്ത് റിസോർട്ട് നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. റിസോർട്ടിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമിക്കുന്നുണ്ടായിരുന്നു. ഇതിന് താഴെ നിന്നാണ് അപകടത്തിൽപ്പെട്ട തൊഴിലാളികൾ ജോലി ചെയ്തിരുന്നത്. ഇതിനിടെ മണ്ണിടിഞ്ഞ് തൊഴിലാളികളുടെ മേലേയ്ക്ക് വീഴുകയായിരുന്നു. ജെസിബി എത്തിച്ച് മണ്ണുനീക്കിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. മൂന്നാറിൽ നിന്നും അടിമാലിയിൽ നിന്നുമുള്ള ഫയർഫോഴ്‌സ് സംഘങ്ങളും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.