
തിരുവനന്തപുരം: കേരളത്തിലെ ആദ്യത്തേത് എന്ന ഖ്യാതിയോടെ ഔട്ടര്‍ റിംഗ് റോഡ് നിര്‍മാണം ആരംഭിക്കാനിരിക്കെ വമ്പന്‍ വികസനം കാത്ത് തലസ്ഥാന ജില്ല. വിഴിഞ്ഞം തുറമുഖത്തേക്കുള്ള കരമാര്‍ഗമുള്ള ചരക്ക് ഗതാഗതം ആരംഭിക്കാനിരിക്കെ ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യമാകുന്നത് വമ്പന്‍ മാറ്റങ്ങള്‍ക്ക് വഴിതെളിക്കും. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെയാണ് നിര്‍ദിഷ്ട ഔട്ടര്‍ റിംഗ് റോഡ് പദ്ധതി. നിലവില്‍ തുറമുഖത്ത് നിന്ന് എന്‍എച്ച് 66ന്റെ കഴക്കൂട്ടം കാരോട് റീച്ചിലേക്കുള്ള റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനം അന്തിമ ഘട്ടത്തിലാണ്.
തുറമുഖത്ത് നിന്ന് ദേശീയപാതയിലേക്കുള്ള റോഡ് പണി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നവംബര്‍ മുതല്‍ കരമാര്‍ഗമുള്ള ചരക്ക് ഗതാഗതം ആരംഭിക്കാനാണ് പദ്ധതി. ഔട്ടര്‍ റിംഗ് റോഡ് യാഥാര്‍ത്ഥ്യമാകുമ്പോള്‍ പ്രത്യേക വികസന ഇടനാഴിയിലേക്കുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാണ്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് വ്യവസായ ലോകവും.
വിഴിഞ്ഞം മുല്ലൂര്‍ തലക്കോട് ഭാഗത്തു നിന്നാണ് ഔട്ടര്‍ റിംഗ് റോഡിന്റെ വിഴിഞ്ഞത്തെ തുടക്കം. ഇവിടെനിന്നു വിഴിഞ്ഞം ബാലരാമപുരം റോഡ് കടന്നു തൈവിളാകം സിസിലിപുരം ജംഗ്ഷനിലെത്തി ഇടുവ വഴി മുടവൂര്‍പ്പാറയിലേക്കു പാത നീളും. പദ്ധതി ഭാഗമായി വിഴിഞ്ഞം മേഖലയിലെ 120 വീടുകള്‍ മാറ്റേണ്ടി വരുമെന്നാണ് വിവരം. ഭൂമി ഏറ്റെടുക്കല്‍ നടപടിയുടെ ഭാഗമായി നഗരസഭാ പരിധിയില്‍പ്പെട്ട വിഴിഞ്ഞം മേഖലയില്‍ നടപടികളൊന്നുമായിട്ടില്ലെന്നു ഭൂവുടമകള്‍ പറഞ്ഞു.
എന്നാല്‍, വെങ്ങാനൂര്‍ വില്ലേജില്‍നിന്ന് ഉടമകളുടെ വസ്തുരേഖകള്‍ ശേഖരിച്ചു തുടങ്ങിയെന്നാണ് അധികൃതരുടെ വിശദീകരണം. വിഴിഞ്ഞത്ത് മദര്‍ഷിപ്പുകളില്‍ എത്തുന്ന കണ്ടെയ്‌നറുകള്‍ ഫീഡര്‍ ഷിപ്പ് വഴി കൊണ്ടുപോകുന്ന പ്രക്രിയയാണ് നിലവില്‍ വിഴിഞ്ഞത്ത് നടക്കുന്നത്. കസ്റ്റംസ് അനുമതി ലഭിക്കുന്ന മുറയ്ക്ക് ആഭ്യന്തര ചരക്ക് നീക്കവും സാദ്ധ്യമാകും. ഇത് കേരളത്തിന്റേയും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവരുടേയും ഉത്പന്നങ്ങള്‍ യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഗള്‍ഫിലേക്കും എത്തിക്കുന്നതിന് വിഴിഞ്ഞം തുറമുഖം ഉപയോഗപ്പെടുത്തുന്നത് കേരളത്തിന് വലിയ നേട്ടമായി മാറും.
തങ്ങളുടെ ഉത്പന്നങ്ങള്‍ രാജ്യത്തെ തുറമുഖത്ത് നിന്ന് നേരിട്ട് മദര്‍ഷിപ്പുകളില്‍ എത്തുന്നുവെന്നതാണ് അയല്‍സംസ്ഥാനങ്ങള്‍ക്ക് നേട്ടമാകുന്നത്. വിഴിഞ്ഞം തുറമുഖത്തെ ദേശീയപാതയിലെ എന്‍എച്ച് 66നോട് ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. ഈ നിര്‍മാണപ്രവര്‍ത്തനം തീരുന്നതിന് പിന്നാലെ ട്രയല്‍ റണ്‍ ആരംഭിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ദേശീയപാതയില്‍ ഗതാഗതക്കുരുക്കുണ്ടാകാതിരിക്കാന്‍ രാത്രികാലങ്ങളില്‍ കണ്ടെയ്‌നര്‍ ഗതാഗതം അനുവദിക്കാനാണ് ആലോചിക്കുന്നത്.
വിഴിഞ്ഞം തുറമുഖത്തിന്റെ ഗുണങ്ങള്‍ പ്രാദേശിക വിപണിയില്‍ ലഭ്യമായിരുന്നില്ല. റോഡ് സംവിധാനങ്ങള്‍ പൂര്‍ത്തിയായി ആഭ്യന്തര ചരക്ക് നീക്കം സാധ്യമാകുന്നതോടെ സംസ്ഥാനത്ത് നിന്നുള്ള കയറ്റുമതി വര്‍ധിക്കുമെന്നാണ് പ്രതീക്ഷ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റോഡ് മാര്‍ഗം കൊണ്ടുവരുന്ന ചരക്കുകള്‍ യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക പോലുള്ള സ്ഥലങ്ങളിലേക്ക് വേഗത്തില്‍ എത്തിക്കാന്‍ കഴിയും. ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനികളിലൊന്നായ എം.എസ്.സിയുടെ പ്രധാന കപ്പല്‍ റൂട്ടുകളില്‍ വിഴിഞ്ഞം ഉള്‍പ്പെട്ടതും ഗുണമാകും.