
ന്യൂഡല്‍ഹി: 75ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസകളുമായി നിരവധിപേര്‍ രംഗത്തുവന്നു. ലോക നേതാക്കള്‍, കായിക താരങ്ങള്‍, വ്യവസായ പ്രമുഖര്‍ തുടങ്ങി രാജ്യത്തെ വിവിധ വിഭാഗങ്ങളില്‍ ഉള്ളവരാണ് അദ്ദേഹത്തെ ആശംസിച്ച് രംഗത്ത് വന്നത്. നിരവധി സ്ഥലങ്ങളില്‍ പ്രധാനമന്ത്രിയുടെ ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങളും പാര്‍ട്ടി പ്രവര്‍ത്തകരും പ്രത്യേക പൂജകളും വഴിപാടുകളും നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
75ാം പിറന്നാള്‍ വേളയില്‍ നരേന്ദ്ര മോദിയെക്കുറിച്ച് ഗൂഗിളില്‍ വിവിധ വിവരങ്ങളാണ് ആളുകള്‍ തിരക്കിയതും. അദ്ദേഹത്തിന്റെ ജീവിതത്തിലെ സുപ്രധാനമായ സംഭവങ്ങള്‍ മുതല്‍ വിദ്യാഭ്യാസ യോഗ്യതയും സ്വത്ത് വിവരങ്ങളും വരെ ആളുകള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞു. അതില്‍ പ്രധാനമായി നിരവധിപേര്‍ തിരഞ്ഞ ഒരു കാര്യം ഇന്ത്യയുടെ പ്രധാനമന്ത്രി പദവിയില്‍ കഴിഞ്ഞ 12 വര്‍ഷമായി ഭരണം നടത്തുന്ന അദ്ദേഹത്തിന് ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചാണ്.
ഔദ്യോഗിക വിവരങ്ങള്‍ അനുസരിച്ച് നരേന്ദ്ര മോദിയുടെ പ്രതിമാസ ശമ്പളം 1.60 ലക്ഷത്തിന് മുകളിലാണ്. ഇതില്‍ ബേസിക് പേ ഇനത്തില്‍ അദ്ദേഹത്തിന് 50,000 രൂപയാണ് ലഭിക്കുക. മറ്റ് അലവന്‍സുകള്‍ കൂടി ചേര്‍ത്താണ് 1.60 ലക്ഷം എന്ന തുകയിലേക്ക് എത്തുന്നത്. 2024 മെയ് 13ലെ കണക്കനുസരിച്ച് എസ്.ബി.ഐ സേവിംഗ്‌സ് അക്കൗണ്ടുകളില്‍ ഏകദേശം 80,000 രൂപയാണ് അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത്.
യാത്രാ അലവന്‍സ്, സുര്ക്ഷ, താമസ് സൗകര്യം എന്നിവയുള്‍പ്പെടെയുള്ള കണക്കുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ ഒരു മാസം പ്രധാനമന്ത്രിക്ക് വേണ്ടി ചെലവാക്കുന്നത് 2.80 ലക്ഷം രൂപയാണെന്നാണ് കണക്ക്. കഴിഞ്ഞ തെരഞ്ഞെടുപ്പ് സത്യവാങ്മൂലം പ്രകാരം മോദി വീട്ടില്‍ സൂക്ഷിച്ചിരുന്നത് 52,920 രൂപയാണ്. നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് (എന്‍.എസ്.സി) അക്കൗണ്ടില്‍ 9.12 ലക്ഷം രൂപയുടെ നിക്ഷേപം (സഞ്ചിത പലിശ ഉള്‍പ്പെടെ) ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എസ്.ബി.ഐയില്‍ 2.85 കോടിയുടെ എ.ഫ്ഡിയും ഉണ്ട്.