
കറാച്ചി: പാകിസ്ഥാൻ സർക്കാരിന്റെയും സൈന്യത്തിന്റെയും പിന്തുണ തങ്ങൾക്കുണ്ടെന്ന് പരസ്യമായി പ്രഖ്യാപിച്ച് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപമേധാവി സെയ്ഫുള്ള കസൂരി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തകർത്ത പഞ്ചാബ് പ്രവിശ്യയിലെ മുരിദ്കെയിലെ ലഷ്‌കർ ആസ്ഥാനം പുനർനിർമ്മിക്കുമെന്ന് വെല്ലുവിളിച്ച കസൂരി, ഇതിനായി പാക് സർക്കാരും സൈന്യവും ധനസഹായം നൽകുന്നുണ്ടെന്നും വെളിപ്പെടുത്തി.
ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ഭീഷണി മുഴക്കിയ ഇയാൾ, ജമ്മു കാശ്മീരിനെയും പ്രദേശത്തെ ഡാമുകളെയും നദികളെയും പിടിച്ചെടുക്കുമെന്നും അവകാശപ്പെട്ടു. ഇയാളുടെ പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെയാണ് പുറത്തായത്. പഹൽഗാം ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് ഇയാൾ.