തിരുവനന്തപുരം: ദുബായില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ പ്രവാസിയെ ആക്രമിച്ച നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട സംഭവം. തമിഴ്‌നാട് സ്വദേശിയായ പ്രവാസിയാണ് തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ ഇറങ്ങിയത്. തമിഴ്‌നാട് വെല്ലൂര്‍ സിഎംസി ആശുപത്രിക്കു സമീപം ആര്‍ഡി തെരുവില്‍ സര്‍ദാര്‍ ബാഷയെയാണ്(42) നാലംഗ സംഘം ആക്രമിച്ചത്. ബാഷയുടെ കൈയിലുണ്ടായിരുന്ന ബാഗുമായി സംഘം കാറില്‍ രക്ഷപ്പെടുകയായിരുന്നു.
കൊല്ലം കുളത്തുപ്പുഴ നവാസിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് അലി(22), ഇയാളുടെ സഹോദരന്‍ മുഹമ്മദ് അഷ്‌ക്കര്‍(20), കുളത്തുപ്പുഴ പിടിഒ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ നെല്ലിമുട് അഫ്‌സല്‍ മന്‍സിലില്‍ മുഹമ്മദ് അഫ്‌സല്‍(23), കൊല്ലം തിങ്കള്‍ കരിക്കകം പതിനാറാം വാര്‍ഡില്‍ കൂരിക്കാട്ടില്‍ വീട്ടില്‍ ആല്‍വിന്‍(19) എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെ 3.30നാണ് ദുബായില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബാഷ തിരുവനന്തപുരത്ത് ഇറങ്ങിയത്.
വിമാനത്താവളത്തിന് പുറത്ത് തന്നെ കൂട്ടിക്കൊണ്ട് പൊകാന്‍ എത്തിയ സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുമ്പോഴാണ് കൊല്ലം സ്വദേശികള്‍ ബാഷയെ സമീപിച്ചത്. ബാഗിലുള്ള സ്വര്‍ണം തങ്ങള്‍ക്ക് നല്‍കണമെന്നാണ് യുവാക്കള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ കയ്യിലുള്ള സാധനം നിങ്ങള്‍ എന്തിന് ആവശ്യപ്പെടുന്നുവെന്ന് ചോദ്യം ചെയ്തപ്പോള്‍ ഒപ്പമുണ്ടായിരുന്നവരേയും ബാഷയേയും യുവാക്കള്‍ മര്‍ദ്ദിക്കുകയും കൈയില്‍ നിന്ന് ബാഗ് തട്ടിപ്പറിച്ച ശേഷം കാറില്‍ രക്ഷപ്പെടുകയുമായിരുന്നു.
താന്‍ കൊണ്ടുവന്ന രണ്ടുഗ്രാമിന്റെ ഒരു ജോടി കമ്മലുകളും രണ്ടുഗ്രാമിന്റെ ചെയിനും നാലംഗ സംഘം തട്ടിയെടുത്ത് രക്ഷപ്പെട്ടുവെന്ന് കാണിച്ച് വലിയതുറ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. എന്നാല്‍ ബാഷ പറഞ്ഞത് പോലെ ബാഗില്‍ സ്വര്‍ണം ഉണ്ടായിരുന്നില്ലെന്നാണ് യുവാക്കളുടെ മൊഴി. ബാഗില്‍ ഉപയോഗിച്ച പഴയ വസ്ത്രങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും യുവാക്കള്‍ പൊലീസില്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു.