
മംഗളുരു : ധർമ്മസ്ഥലയിൽ നിന്ന് വീണ്ടും അസ്ഥികൾ കണ്ടെത്തിയതായി റിപ്പോർട്ട്. ബങ്കലെഗുഡെ വനമേഖലയിൽ നടത്തിയ പരിശോധനയിലാണ് അസ്ഥി ഭാഗങ്ങൾ കണ്ടെത്തിയത് എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെങ്കലെഗുഡെയിൽ ചിന്നയ്യ മൃതദേഹങ്ങൾ കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി രണ്ട് പ്രദേശവാസികൾ രംഗത്ത് വന്നിരുന്നു. ഇവർ നൽകിയ ഹർജിയിൽ പ്രദേശത്ത് വീണ്ടും പരിശോധന നടത്താൻ എസ്.ഐ.ടിക്ക് കർണാടക ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു, ഇതിനെത്തുടർന്നാണ് പ്രത്യേകാന്വേഷണ സംഘം ഈ മേഖലയിൽ പരിശോധന നടത്തിയത്.
കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾ മനുഷ്യന്റേത് തന്നെ ആണോ എന്ന കാര്യം വ്യക്തമല്ല. കൂടുതൽ പരിശോധനയ്ക്കായി അസ്ഥിക്കഷണങ്ങൾ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്.ഈ മേഖലയിൽ കൂടുതൽ അവശിഷ്ടങ്ങളോ തെളിവുകളോ കണ്ടെത്താൻ സാധിക്കുമോ എന്ന് പരിശോധിക്കുകയാണെന്നും തിരച്ചിൽ തുടരുകയാണെന്നും പ്രത്യേകാന്വേഷണ സംഘം പറഞ്ഞു.