money

കൊച്ചി: എസ്.ബി.ഐ അടക്കം രാജ്യത്തെ മുന്‍നിര ബാങ്കുകളുടെ കൈവശമുണ്ടായിരുന്ന യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ ജപ്പാനിലെ പ്രമുഖ ധനകാര്യ സ്ഥാപനമായ സുമിടോമോ മിറ്റ്‌സുയി ബാങ്കിംഗ് കോര്‍പ്പറേഷന്(എസ്.എം.ബി.സി) കൈമാറി. എസ്.ബിഐയുടെ കൈവശമുണ്ടായിരുന്ന യെസ് ബാങ്കിന്റെ 13.18 ശതമാനം ഓഹരികള്‍ 8,889 കോടി രൂപയ്ക്കാണ് എസ്.എം.ബി.സി വാങ്ങിയത്.

ഒന്നിന് 21.5 രൂപ വീതം 413.44 കോടി ഓഹരികളാണ് വിറ്റഴിച്ചത്.

ഓഹരി വില്പനയ്ക്ക് ആഗസ്റ്റ് 22ന് റിസര്‍വ് ബാങ്കും സെപ്തംബര്‍ രണ്ടിന് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യയും അനുമതി നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം മേയിലാണ് യെസ് ബാങ്കിലെ ഓഹരി പങ്കാളിത്തം കുറയ്ക്കാന്‍ എസ്.ബി.ഐ എക്‌സിക്യുട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത്.

ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റം

2020ലാണ് എസ്.ബി.ഐ അടക്കമുള്ള ബാങ്കുകള്‍ റിസര്‍വ് ബാങ്ക് നിര്‍ദേശത്തെ തുടര്‍ന്ന് യെസ് ബാങ്കിന്റെ പുന:സംഘടന നടപടികളുടെ ഭാഗമായി നിക്ഷേപം നടത്തിയത്. എസ്.എം.ബി.സി 13,483 കോടി രൂപയ്ക്കാണ് യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികള്‍ വാങ്ങുന്നത്.

പ്രമുഖ സ്വകാര്യ ബാങ്കുകളായ എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.ഡി.എഫ്.സി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ കൈവശമുള്ള 6.81 ശതമാനം ഓഹരികളും ജപ്പാന്‍ കമ്പനി വാങ്ങും. 2020ല്‍ ഓഹരിയൊന്നിന് പത്ത് രൂപയെന്ന നിരക്കിലാണ് ബാങ്കുകള്‍ യെസ് ബാങ്കില്‍ നിക്ഷേപം നടത്തിയിരുന്നത്. എസ്.ബി.ഐയ്ക്ക് മൊത്തം 24 ശതമാനം ഓഹരികളാണ് യെസ് ബാങ്കിലുണ്ടായിരുന്നത്. ഇടപാടിന് ശേഷം പത്ത് ശതമാനം ശതമാനം ഓഹരി പങ്കാളിത്തം എസ്.ബിഐയ്ക്കുണ്ടാകും.

രാജ്യത്തെ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ഓഹരി കൈമാറ്റത്തിലൂടെ യെസ് ബാങ്കിലെ തന്ത്രപ്രധാന പങ്കാളിയായി എസ്.എം.ബി.സിയെത്തുന്നതില്‍ സന്തോഷമുണ്ട് - ചല്ല ശ്രീനിവാസലു സെട്ടി, എസ്.ബി.ഐ ചെയര്‍മാന്‍