aiims

ആലപ്പുഴ: ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ് )ആലപ്പുഴയില്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുക്കുമെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന ജില്ലയുടെ ആരോഗ്യ വികസ സ്വപ്നങ്ങള്‍ക്ക് വീണ്ടും ചിറക് നല്‍കുന്നു. കേന്ദ്രം സ്ഥാപിക്കാനുള്ള സ്ഥലമുള്‍പ്പടെ ചൂണ്ടിക്കാട്ടി സമൂഹത്തിന്റെ നാനാ തുറകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 200 ഏക്കര്‍ സ്ഥലമാണ് എയിംസിന് ആവശ്യം. ഇത് ലഭ്യമാക്കിയാല്‍ അനുകൂല സമീപനമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ 2014ല്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, വര്‍ഷങ്ങള്‍ക്ക് ശേഷവും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയിരുന്നില്ല.

പകര്‍ച്ചവ്യാധികളുടെ പറുദീസ എന്ന് അറിയപ്പെട്ടിരുന്ന ആലപ്പുഴ ഇന്ന് ഏറെ മുന്നേറിയെങ്കിലും, ജനജന്യ രോഗ സാദ്ധ്യത വളരെ കൂടുതലാണ്. മത്സ്യത്തൊഴിലാളികളും കര്‍ഷകരും ഉള്‍പ്പെടുന്ന ജനവിഭാഗങ്ങള്‍ കൂടുതലായി അധിവസിക്കുന്ന ജില്ലയില്‍ ആരോഗ്യ മേഖലയില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളിലും ചികത്സാസൗകര്യങ്ങളിലും വലിയ കുറവുകളും വെല്ലുവിളികളും നേരിടുന്നുണ്ട്.

ഇരുന്നൂറ് ഏക്കറോളം സ്ഥലം ലഭ്യമാക്കിയാല്‍ ഏയിംസ് ആലപ്പുഴയ്ക്ക് നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനം.

അനുയോജ്യമായ സ്ഥലങ്ങള്‍ നിരവധി


1.ആലപ്പുഴ എം.പി കെ.സി.വേണുഗോപാല്‍, ഹരിപ്പാട് എം.എല്‍.എ രമേശ് ചെന്നിത്തല തുടങ്ങിയവര്‍ വിവിധ സ്ഥങ്ങള്‍ നിര്‍ദ്ദിഷ്ട പദ്ധതിക്ക് വേണ്ടി ചൂണ്ടിക്കാണിച്ചുകൊണ്ട് കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്


2.കായംകുളം എന്‍.ടി.പി.സി, അമ്പലപ്പുഴ പുറക്കാട് ഗാന്ധി സ്മൃതി വന പ്രദേശം, മാവേലിക്കര മണ്ഡലത്തിലെ നൂറനാട് ലെപ്രസി സാനിറ്റോറിയത്തിന്റെ സ്ഥലം എന്നിവ എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യമായ ഭൂമിയാണെന്നാണ് കെ.സി.വേണുഗോപാല്‍ പറയുന്നത്


3.എയിംസ് സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം ഹരിപ്പാടാണെന്ന് ചൂണ്ടിക്കാണിച്ച് രമേശ് ചെന്നിത്തല എം.എല്‍.എ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്ക് കത്തയച്ചു.യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത്, സിയാല്‍ മാതൃകയില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന്, ഏകദേശം 25 ഏക്കര്‍ കരുവാറ്റ പഞ്ചായത്തില്‍,ദേശീയപാതയോട് ചേര്‍ന്ന് റവന്യൂവകുപ്പ് ഏറ്റെടുത്തിരുന്നു


4.നയപരമായ കാര്യങ്ങളെ തുടര്‍ന്ന് ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ നിര്‍വഹണപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും അവസാനിപ്പിച്ചതിനാല്‍ ഈ സ്ഥലം വെറുതെ കിടക്കുകയാണ്. ഇവിടം എയിംസിന് അനുയോജ്യമാണെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല


5. ഒരു പതിറ്റാണ്ടിലേറെയായി കേരളം കാത്തിരിക്കുന്ന എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റിയില്‍ കെട്ടിടം മാത്രമാണുള്ളതെന്നും അത്തരം ചികിത്സ ലഭ്യമല്ലെന്നും അവര്‍ പറയുന്നു


അനുയോജ്യം ആലപ്പുഴ


# ജലജന്യ രോഗങ്ങളുടെ ഉത്ഭവസ്ഥാനം

# സമുദ്രനിരപ്പിന് താഴ്ന്നുകിടക്കുന്ന കുട്ടനാട്

#ചിക്കന്‍ഗുനിയ, മന്ത് രോഗം എന്നിവയുടെ പ്രഭവകേന്ദ്രം

# ഏറ്റവും കൂടുതല്‍ സമുദ്രതീരമുള്ള ജില്ല

# സ്വകാര്യമേഖലയില്‍ ഒരുസൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്ല

# പുറക്കാട് 439 ഏക്കര്‍ സ്ഥലമുണ്ട്

# കായംകുളം താപനിലയത്തിന്റെ 800 ഏക്കര്‍ ഉപയോഗശൂന്യമാണ്

# നൂറനാട് പ്രസി സാനിറ്റോറിയം വളപ്പില്‍ 200 ഏക്കറോളം സ്ഥലം