
ദുബായ്: യുഎഇയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലേക്ക്. ഗ്രൂപ്പില്‍ നിന്ന് ഇന്ത്യയും സൂപ്പര്‍ ഫോറിലേക്ക് മുന്നേറി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇയുടെ മറുപടി 17.4 ഓവറില്‍ 105 റണ്‍സിന് അവസാനിച്ചു. 41 റണ്‍സിനാണ് പാകിസ്ഥാന്‍ വിജയിച്ചത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഒമാനെ നേരിടും. വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ നിരയില്‍ 35(35) റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ രാഹുല്‍ ചോപ്രയാണ് ടോപ് സ്‌കോറര്‍.
ധ്രുവ് പരാശര്‍ 20(23), മലയാളി താരം അലിഷാന്‍ ഷറഫു 12(8), ക്യാപ്റ്റന്‍ മുഹമ്മദ് വസീം 14(15) എന്നിവര്‍ മാത്രമാണ് യുഎഇ നിരയില്‍ പിന്നീട് രണ്ടക്കം കടന്നത്. പാകിസ്ഥാന് വേണ്ടി ഷഹീന്‍ ഷാ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും സയീം അയൂബ്, സല്‍മാന്‍ അലി ആഗ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് ആണ് നേടിയത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഫഖര്‍ സമന്‍ 50(36), ഒമ്പതാമനായി ക്രീസിലെത്തി ഒരിക്കല്‍ക്കൂടി രക്ഷകനായ ഷഹീന്‍ ഷാ അഫ്രീദി 29*(14) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണര്‍മാരായ സഹിബ്സദാ ഫര്‍ഹാന്‍ 5(12), സയീം അയൂബ് 0(2) എന്നിവര്‍ വളരെ പെട്ടെന്ന് മടങ്ങി. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 20 റണ്‍സെടുത്തെങ്കിലും 27 പന്തുകളില്‍ നിന്നായിരുന്നു നേട്ടം.
ഹസന്‍ നവാസ് 3(4), ഖുഷ്ദില്‍ ഷാ 4(6), വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഹാരിസ് 18(14), മുഹമ്മദ് നവാസ് 4(5), ഹാരിസ് റൗഫ് 0(1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. യുഎഇക്ക് വേണ്ടി ജുനൈദ് സിദ്ദിഖ് നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ സിമ്രാന്‍ജിത് സിംഗ് മൂന്ന് വിക്കറ്റുകളും ധ്രുവ് പരാശര്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്കെതിരായ മത്സരത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് പക്ഷംപിടിച്ച് പെരുമാറിയെന്നും അദ്ദേഹത്തെ പുറത്താക്കാതെ മത്സരത്തില്‍ കളിക്കില്ലെന്നും പാകിസ്ഥാന്‍ നിലപാടെടുത്തത് ആശയക്കുഴപ്പവും അനിശ്ചിതത്വവും ഉണ്ടാക്കി. പൈക്രോഫ്റ്റിനെ റഫറി പാനലില്‍ നിന്ന് പുറത്താക്കണമെന്നായിരുന്നു പിസിബിയുടെ ആവശ്യം. എന്നാല്‍ ഐസിസി ഇത് അംഗീകരിച്ചില്ല. ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മത്സരത്തിന് പാകിസ്ഥാന്‍ സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഒരു മണിക്കൂര്‍ വൈകിയാണ് പാകിസ്ഥാന്‍ - യുഎഇ മത്സരം ആരംഭിച്ചത്.