dubai

അബുദാബി: ഇന്ത്യക്കാരടക്കമുള്ള പ്രവാസികൾ ഉൾപ്പെടെ ദുബായ് നിവാസികൾ പാമ്പുശല്യം മൂലം ജാഗ്രതയിലെന്ന് റിപ്പോർട്ട്. താമസസ്ഥലങ്ങളിൽ പാമ്പുകളുടെ സാന്നിദ്ധ്യം അധികരിച്ചതോടെ മിക്കവരും സുരക്ഷാനടപടികൾ സ്വീകരിക്കുകയാണ്. ദുബായിലെ റെംറാം മേഖലയിൽ അൽ റംത്ത് ക്ളസ്റ്ററിൽ പാമ്പുകളുടെ ശല്യം അധികമാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. പത്തുവർഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ഭീഷണി നേരിടുന്നതെന്നും പ്രദേശവാസികൾ പറയുന്നു.

വിഷമില്ലാത്ത അണലിയെയാണ് കൂടുതലായി കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്. അപ്പാർട്ട്‌മെന്റിലെ ചവിട്ടികൾ, ബാൽക്കണി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. പാമ്പുകളുടെ സാന്നിദ്ധ്യം ഉയർത്തുന്ന ആശങ്ക പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പാമ്പിൻ കെണികളും പാമ്പുകളുടെ തുരത്താനുള്ള വസ്തുക്കളും സ്ഥാപിക്കുന്നതായും അധികൃതർ വ്യക്തമാക്കി.

റെംറാം മേഖലയ്ക്ക് സമീപത്തായി നിരവധി കെട്ടിട നിർമാണ പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ഇതാകാം പാമ്പിന്റെ ശല്യം വർദ്ധിക്കാൻ കാരണമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. നിർമാണ പ്രവർത്തനം നടക്കുന്ന സ്ഥലത്തെ കാടും മരങ്ങളും ചെടികളും വെട്ടിമാറ്റിയതാകാം പാമ്പുകൾ ജനവാസമേഖലയിലേയ്ക്ക് എത്താൻ കാരണമെന്ന് പ്രാദേശികഭരണകൂടവും അഭിപ്രായപ്പെട്ടു. നിർമാണ മാലിന്യങ്ങൾ കെട്ടിക്കിടന്ന് പാമ്പുകളുടെ മാളങ്ങൾ വർദ്ധിക്കുന്നതിന് ഇടനൽകാതെ അവ നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും ഭരണകൂടം അറിയിച്ചു. പാമ്പുകളെ കണ്ടെത്തി പിടികൂടാൻ മണിക്കൂറുകളോളം തെരച്ചിൽ നടത്തുകയാണ്. സമൂഹമാദ്ധ്യമങ്ങളിൽ ജാഗ്രതാ സന്ദേശങ്ങളും സുരക്ഷാനടപടികളുടെ വിശദാംശങ്ങളും പതിവായി പങ്കുവയ്ക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു.