dharmasthala

മംഗളൂരു: ധർമ്മസ്ഥലയിലെ ബങ്കലെഗുഡെ വനമേഖലയിൽ ഇന്നും കൂടുതൽ തെരച്ചിൽ നടത്താൻ നീക്കം. കഴിഞ്ഞ ദിവസം വനമേഖലയിലെ വിവിധയിടങ്ങളിൽ നിന്ന് അഞ്ച് തലയോട്ടികളും അസ്ഥികഷ്ണങ്ങളും കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. കണ്ടെടുത്ത അസ്ഥികഷ്ണങ്ങൾ മനുഷ്യരുടേതാണോയെന്ന് സ്ഥിരീകരിക്കാൻ കൂടുതൽ പരിശോധനയ്ക്ക് അയക്കുമെന്നും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറിയിച്ചു.

ധർമ്മസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്യുടെ നിർണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് കൂടുതൽ കാര്യങ്ങൾ പുറത്തുവന്നത്. ധർമ്മസ്ഥലയിൽ നേരത്തെ ഭൂമി കുഴിച്ചുളള പരിശോധനകൾ നിർത്തി വച്ചതായിരുന്നു. ഇതിനുപിന്നാലെ കർണാടക സ്വദേശികളായ രണ്ടുപേർ കോടതിയെ സമീപിക്കുകയായിരുന്നു. ചിന്നയ്യ വനമേഖലയിൽ കൂടുതൽ മൃതദേഹങ്ങൾ കുഴിച്ചിട്ടത് കണ്ടെന്നായിരുന്നു അവരുടെ വാദം. ഇതോടെയാണ് കർണാടക ഹൈക്കോടതി ഇടപെട്ട് വനമേഖലയിൽ വീണ്ടും പരിശോധനയ്ക്ക് ഉത്തരവിട്ടത്.

15 ഏക്കറുളള വനമേഖലയിലാണ് ഇന്നലെ വീണ്ടും പരിശോധന ആരംഭിച്ചത്. അസ്ഥി കഷ്ണങ്ങളെ കൂടാതെ ഇവിടെ നിന്ന് സാരി, മരക്കൊമ്പിൽ കെട്ടിയിട്ട നിലയിലുളള കയർ, ഒരു സീനിയർ സി​റ്റിസൺ കാർഡ് എന്നിവയും കണ്ടെടുത്തിട്ടുണ്ട്. ഇവയെല്ലാം കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാനാണ് നീക്കം. വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ചാണ് പരിശോധന നടത്തുന്നത്.

ചിന്നയ്യയ്യുടെ വെളിപ്പെടുത്തലിന് പിന്നാലെ ധർമ്മസ്ഥലയിൽ നിന്ന് ഒരു മനുഷ്യന്റെ പൂർണ അസ്ഥികൂടവും 100 ഓളം അസ്ഥി ഭാഗങ്ങളും പരിശോധനാ സംഘം കണ്ടെടുത്തിരുന്നു. ഇയാൾ അടയാളപ്പെടുത്തി നൽകിയ 13 പോയിന്റുകളിൽ 11 ഇടത്തുനിന്നും പുതുതായി കാണിച്ചു കൊടുത്ത സ്ഥലത്തു നിന്നുമാണ് ഏഴു ദിവസത്തിനിടെ ഇവ കണ്ടെടുത്തത്. എസ്ഐടി 'സർപ്രൈസ് സ്‌പോട്ട്' എന്ന് വിശേഷിപ്പിച്ച നേത്രാവതിക്ക് സമീപമുള്ള ബങ്കലെഗുഡെയിലെ കുന്നിൻ മുകളിൽ നിന്നാണ് പൂർണ അസ്ഥികൂടവും കൂടുതൽ അസ്ഥികളും കണ്ടെത്തിയത്.